കൊട്ടാരക്കര: ഉത്രവധക്കേസിൽ ഡി.എൻ.എ. പരിശോധനയ്ക്കാവശ്യമായ സാമ്പിൾ ഉത്രയുടെ വസ്ത്രങ്ങളിൽനിന്ന് ലഭിച്ചില്ലെന്ന് റിപ്പോർട്ട്. തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി ലാബിൽ നടത്തിയ ഡി.എൻ.എ. മാച്ചിങ് പരിശോധന സംബന്ധിച്ച പ്രാഥമിക റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.

ഉത്രയെ കടിച്ചതെന്നുകരുതുന്ന പാമ്പിന്റെ ശരീരത്തിൽനിന്ന് ലഭിച്ച ഡി.എൻ.എ. സാമ്പിളുകളും ഉത്ര ധരിച്ചിരുന്ന വസ്ത്രങ്ങളിൽനിന്ന് ശേഖരിച്ച പാമ്പിന്റെ കോശങ്ങളിലെ ഡി.എൻ.എ. സാമ്പിളുകളും തമ്മിൽ ചേരുന്നുണ്ടോ എന്നായിരുന്നു പരിശോധന. പരിശോധനയ്ക്കാവശ്യമായത്ര ഡി.എൻ.എ. സാമ്പിളുകൾ ഉത്രയുടെ വസ്ത്രങ്ങളിൽ ഉണ്ടായിരുന്നില്ല. എന്നാൽ കുഴിച്ചിട്ട പാമ്പിന്റെ അവശിഷ്ടങ്ങളിലെ ഡി.എൻ.എ.യും പാമ്പിനെ കൊണ്ടുവന്നതെന്നു കരുതുന്ന കുപ്പിയിലെ അവശിഷ്ടങ്ങളിൽനിന്ന് ലഭിച്ച ഡി.എൻ.എ.യും ചേർച്ചയുള്ളതാണ്. സൂരജ് കുപ്പിയിലാക്കി കൊണ്ടുവന്ന പാമ്പ് തന്നെയാണ് ഉത്രയെ കടിച്ചതെന്ന പോലീസിന്റെ നിഗമനത്തിന് ബലമേകുന്നതാണ് ഈ ഫലം. ഉത്രയുടെ വസ്ത്രങ്ങൾ കൂടുതൽ പരിശോധനയ്ക്കായി പോലീസിന്റെ സി.എഫ്.എൽ. ലാബിലേക്ക് അയച്ചതായി ഉദ്യോഗസ്ഥർ സൂചിപ്പിച്ചു.

ഉത്ര വധക്കേസ് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥരും ശാസ്ത്രീയ അന്വേഷണസംഘവും അവലോകനയോഗം നടത്തി. ശാസ്ത്രീയമായ തെളിവുകൾ സംബന്ധിച്ചായിരുന്നു ചർച്ച. കാസർകോട്ടുനിന്നുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരും തിരുവനന്തപുരത്തുനിന്നുള്ള വെറ്ററിനറി വിദഗ്ധരും കൊല്ലം റൂറൽ എസ്.പി. ഹരിശങ്കർ, അഡീഷണൽ എസ്.പി. എസ്.മധുസൂദനൻ, ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. അശോകൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു. അന്വേഷണസംഘം കേസുമായി ബന്ധപ്പെട്ട ഇടങ്ങളിലെത്തി പരിശോധനയും നടത്തി.

Content Highlights: Uthra Snake Bite Murder Case; DNA Test Results