കൊല്ലം: ഉത്ര വധക്കേസില്‍ അറസ്റ്റിലായ സൂരജിന്റെ അച്ഛന്‍ സുരേന്ദ്രന്‍ പണിക്കരെ മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. പുനലൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതിയെ കസ്റ്റഡിയില്‍ വിട്ട് ഉത്തരവിട്ടത്. അഞ്ച് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടാണ് അന്വേഷണസംഘം അപേക്ഷ നല്‍കിയതെങ്കിലും മൂന്ന് ദിവസത്തെ കസ്റ്റഡിക്കാണ് കോടതി അനുമതി നല്‍കിയത്. 

ഉത്ര വധക്കേസില്‍ തെളിവ് നശിപ്പിക്കല്‍, ഗാര്‍ഹിക പീഡനം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ക്രൈംബ്രാഞ്ച് സംഘം സുരേന്ദ്രന്‍ പണിക്കരെ അറസ്റ്റ് ചെയ്തത്. സുരേന്ദ്രന്‍ പണിക്കരെ ചോദ്യംചെയ്തതിന് പിന്നാലെ ഉത്രയുടെ സ്വര്‍ണം സൂരജിന്റെ വീട്ടില്‍നിന്ന് കുഴിച്ചിട്ടനിലയില്‍ കണ്ടെത്തിയിരുന്നു. ചൊവ്വാഴ്ച രാവിലെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കുകയായിരുന്നു. ഉത്ര വധക്കേസില്‍ നേരത്തെ അറസ്റ്റിലായ മുഖ്യപ്രതി സൂരജും പാമ്പ് പിടിത്തക്കാരന്‍ സുരേഷും നിലവില്‍ പോലീസ് കസ്റ്റഡിയിലാണ്. 

അതിനിടെ, ഉത്ര വധക്കേസില്‍ കസ്റ്റഡിയിലെടുത്ത സൂരജിന്റെ അമ്മ രേണുകയെയും സഹോദരി സൂര്യയെയും ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ചൊവ്വാഴ്ച ഉച്ചയോടെയാണ് ഇരുവരെയും പോലീസ് അടൂരിലെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്തത്. നേരത്തെ ക്രൈം ബ്രാഞ്ച് ഓഫീസില്‍ ചോദ്യംചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും സൂര്യയും രേണുകയും എത്തിയിരുന്നില്ല. ഇതോടെയാണ് രണ്ടു പേരെയും പിങ്ക് പോലീസ് സംഘമെത്തി കസ്റ്റഡിയിലെടുത്തത്. 

Content Highlights: uthra murder case; surendran panicker in police custody for three days