കൊച്ചി: കൊല്ലം അഞ്ചൽ സ്വദേശിനി ഉത്രയെ പാമ്പിനെക്കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയായ ഭർത്താവ് പത്തനംതിട്ട അടൂർ പറക്കോട് സ്വദേശി സൂരജിന് കേസിന്റെ ആവശ്യത്തിനായി അഭിഭാഷകനുമായി കൂടിക്കാഴ്ചയ്ക്കായി ജയിലിനു പുറത്തുപോകാൻ അനുമതി. ജാമ്യ ഹർജി തള്ളിക്കൊണ്ടാണ് കോവിഡിന്റെ പശ്ചാത്തലത്തിൽ ഇത്തരമൊരു സൗകര്യം ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ അനുവദിച്ചത്. നവംബർ 13, 14, 15 തീയതികളിൽ പോലീസ് അകമ്പടിയോടെ അഭിഭാഷകനുമായുള്ള കൂടിക്കാഴ്ചയ്ക്കായി പ്രതിയെ എത്തിക്കണമെന്നാണ് നിർദേശിച്ചിരിക്കുന്നത്. രാവിലെ 10-ന് എത്തിക്കുന്ന സൂരജിനെ വൈകീട്ട് അഞ്ചു മണിയോടെ ജയിലിലേക്ക് മടക്കിക്കൊണ്ടുപോകണം. കൂടിക്കാഴ്ചയ്ക്കുള്ള സ്ഥലത്തെ സംബന്ധിച്ച് വിചാരണക്കോടതിയിൽ അപേക്ഷ നൽകണം. അത് പരിഗണിച്ച് വിചാരണക്കോടതി ഇക്കാര്യത്തിൽ തീരുമാനം എടുക്കണമെന്നും കോടതി വ്യക്തമാക്കി.

കോവിഡ് ആയതിനാൽ അഭിഭാഷകന് ജയിലിൽ എത്തി കാണാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് കേസിന്റെ ആവശ്യത്തിനായി പ്രതിക്ക് ജാമ്യം അനുവദിക്കണമെന്നായിരുന്നു ആവശ്യം. അതല്ലെങ്കിൽ അഭിഭാഷകനുമായി കൂടിക്കാഴ്ചയ്ക്കായി മൂന്നു ദിവസത്തെ പരോൾ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. രണ്ട് ആവശ്യത്തെയും പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. വീഡിയോ കോൺഫറൻസിങ്ങിലൂടെ അഭിഭാഷകന് ജയിലിൽ കഴിയുന്ന സൂരജുമായി കൂടിക്കാഴ്ച നടത്താമെന്നും പ്രോസിക്യൂഷൻ അറിയിച്ചു. എന്നാൽ, ഇത്തരത്തിലൊരു കൂടിക്കാഴ്ചയിൽ സ്വകാര്യതയുണ്ടാകില്ലെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ വാദിച്ചു. തുടർന്നാണ് മൂന്നു ദിവസം പകൽ പോലീസ് അകമ്പടിയോടെ പ്രതിയെ അഭിഭാഷകനുമായുള്ള കൂടിക്കാഴ്ചയ്ക്ക് എത്തിക്കാൻ കോടതി നിർദേശിച്ചത്.

അഞ്ചൽ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഒന്നാം പ്രതിയാണ് സൂരജ്. കേസിലെ വിചാരണ നടപടികളുടെ ഭാഗമായി കഴിഞ്ഞ ദിവസം പ്രതികളെ കോടതി കുറ്റപത്രം വായിച്ചു കേൾപ്പിച്ചിരുന്നു.

Content Highlights:uthra murder case sooraj can leave from from jail to meet his lawyer