കൊട്ടാരക്കര : ഉത്രവധക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ പ്രതിയായ സൂരജ് ജയിലില്‍ ഗൂഢാലോചന നടത്തിയതായി മൊഴി. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.
കേസില്‍ മാപ്പുസാക്ഷിയായ പാമ്പുപിടിത്തക്കാരന്‍ സുരേഷാണ് വനം വകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് വിവരം നല്‍കിയത്. പുനലൂര്‍ ഡി.എഫ്.ഒ. വിവരം റൂറല്‍ എസ്.പി.ക്ക് കൈമാറി. സ്‌പെഷ്യല്‍ബ്രാഞ്ച് ഡിവൈ.എസ്.പി. വിനോദ് കുമാറിനെ അന്വേഷണത്തിന് എസ്.പി. ചുമതലപ്പെടുത്തി.
കോളിളക്കം സൃഷ്ടിച്ച കെവിന്‍ കൊലക്കേസിലെ പ്രതികളായ നിയാസ്, ഷൈന്‍ ചാക്കോ എന്നിവര്‍ക്കൊപ്പമാണ് സൂരജ് മാവേലിക്കര സബ് ജയിലില്‍ കഴിഞ്ഞത്. ഇവരുമായുള്ള സംഭാഷണത്തിനിടെയാണ് അന്വേഷണ സംഘത്തിന്റെ മേധാവി എസ്.പി.ഹരിശങ്കര്‍, ഡിവൈ.എസ്.പി. അശോകന്‍, പോലീസ് ഉദ്യോഗസ്ഥന്‍ മനോജ്, വനംവകുപ്പ് റേഞ്ച് ഓഫീസര്‍ ജയന്‍, മറ്റു നാല് പോലീസുകാര്‍ എന്നിവരെ കൈകാര്യംചെയ്യണമെന്ന ചര്‍ച്ച നടന്നത്.
കെവിന്‍ കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത് എസ്.പി. ഹരിശങ്കറായിരുന്നു. ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ പദ്ധതികള്‍ തയ്യാറാക്കിയോയെന്ന് കണ്ടെത്താനാണ് അന്വേഷണം ഏര്‍പ്പെടുത്തിയതെന്ന് എസ്.പി. പറഞ്ഞു. ഉത്ര വധക്കേസില്‍ പോലീസ് വെള്ളിയാഴ്ച കുറ്റപത്രം സമര്‍പ്പിക്കും.
content highlights: uthra murder case accused sooraj planned to attack investigation officers at jail