ബാള്‍ട്ടിമോര്‍: അമേരിക്കയിലെ ബാള്‍ട്ടിമോറില്‍ ബലാത്സംഗത്തിനിരയായ 83-കാരി കൊല്ലപ്പെട്ട കേസില്‍ 14-കാരനെ പോലീസ് പിടികൂടി. ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന അതിക്രൂരമായ സംഭവത്തില്‍ ബാള്‍ട്ടിമോര്‍ സ്വദേശിയായ 14-കാരനാണ് പോലീസിന്റെ പിടിയിലായത്.
അതിനിടെ, കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് പ്രതിയെ കുട്ടിക്കുറ്റവാളിയായി കണക്കാക്കില്ലെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. നിലവില്‍ ജാമ്യം പോലും ലഭിക്കാത്ത വകുപ്പുകള്‍ ചുമത്തിയാണ് 14-കാരനെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത്.
ബാള്‍ട്ടിമോറിലെ അപ്പാര്‍ട്ട്‌മെന്റില്‍ താമസിച്ചിരുന്ന 83-കാരിയാണ് അതിക്രൂരമായ ബലാത്സംഗത്തിനുശേഷം മരണപ്പെട്ടത്. വയോധികയെ പുറത്തൊന്നും കാണാത്തതിനാല്‍ അയല്‍വാസികള്‍ നടത്തിയ തിരച്ചിലിലാണ് അപ്പാര്‍ട്ട്‌മെന്റിനുള്ളില്‍ ബോധരഹിതയായി കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് പോലീസെത്തി ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഓഗസ്റ്റ് 30ന് മരണപ്പെട്ടു. വയോധിക അതിക്രൂരമായ ബലാത്സംഗത്തിനിരയായെന്ന് പരിശോധനയില്‍ സ്ഥിരീകരിച്ചിരുന്നു.
പോലീസിന്റെ വിശദമായ അന്വേഷണത്തില്‍ 14-കാരനാണ് പ്രതിയെന്നും കണ്ടെത്തി. 14-കാരന്‍ 80 കഴിഞ്ഞ വയോധികയെ ബലാത്സംഗം ചെയ്ത സംഭവം ബാള്‍ട്ടിമോറില്‍ വലിയ ഞെട്ടലാണുണ്ടാക്കിയത്. അമേരിക്കയില്‍ കൊലപാതകക്കേസുകളുടെ എണ്ണത്തില്‍ ബാള്‍ട്ടിമോറാണ് മുന്നില്‍നില്‍ക്കുന്നതെങ്കിലും, ഇത്രയും പ്രായംകുറഞ്ഞയാളെ ഒരു കൊലപാതകക്കേസില്‍ പിടികൂടുന്നത് വര്‍ഷങ്ങള്‍ക്ക് ശേഷമാണെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.