വാഷിങ്ടണ്‍:  രാക്ഷസന്മാരായി വളരുമെന്ന് പറഞ്ഞ് രണ്ട് മക്കളെ കൊലപ്പെടുത്തിയ പിതാവ് യു.എസില്‍ പിടിയില്‍. കാലിഫോര്‍ണിയയിലെ സര്‍ഫിങ് സ്‌കൂള്‍ ഉടമയായ മാത്യു ടെയ്‌ലര്‍ കോള്‍മാനെ(40)യാണ് എഫ്.ബി.ഐ(ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍) ഉദ്യോഗസ്ഥര്‍ പിടികൂടിയത്. രണ്ട് വയസ്സും പത്ത് മാസവും പ്രായമുള്ള മക്കളെയാണ് കോള്‍മാന്‍ മെക്‌സിക്കോയില്‍ കൊണ്ടുപോയി കൊലപ്പെടുത്തിയതെന്ന് ഫെഡറല്‍ ഏജന്റുമാര്‍ പറഞ്ഞു. ഇവരുടെ മൃതദേഹങ്ങള്‍ മെക്‌സിക്കോയില്‍നിന്ന് കണ്ടെടുത്തു. 

ഭാര്യയില്‍നിന്ന് സാത്താന്റെ ഡി.എന്‍.എ. മക്കളിലേക്ക് കൈമാറിയിട്ടുണ്ടെന്നും അതിനാലാണ് ഇവരെ കൊലപ്പെടുത്തിയതെന്നുമാണ് കോള്‍മാന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ക്യൂഅനോന്‍ ഉള്‍പ്പെടെയുള്ള ഗൂഢാലോചന സിദ്ധാന്തം പിന്തുടരുന്നയാളാണ് കോള്‍മാന്‍. ഇതിലൂടെയാണ് തനിക്ക് ഇക്കാര്യം വെളിപ്പെട്ടതെന്നും ഇയാള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. 

ഓഗസ്റ്റ് ഏഴാം തീയതി കോള്‍മാന്റെ ഭാര്യയാണ് മക്കളെ കാണാനില്ലെന്ന് പറഞ്ഞ് ആദ്യം പരാതി നല്‍കിയത്. കാമ്പിങ്ങിന് പോവുകയാണെന്ന് പറഞ്ഞാണ് ഇയാള്‍ രണ്ട് കുട്ടികളെയും വീട്ടില്‍നിന്ന് കൂട്ടിക്കൊണ്ടുപോയത്. എന്നാല്‍ എവിടേക്കാണ് പോകുന്നതെന്ന് ഭാര്യയോട് പറഞ്ഞിരുന്നില്ല. കാറില്‍ ചൈല്‍ഡ് സീറ്റും ഉണ്ടായിരുന്നില്ല. വീട്ടില്‍നിന്ന് പോയ ശേഷം ഫോണ്‍ എടുക്കുകയോ സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കുകയോ ചെയ്തില്ല. ഇതോടെയാണ് ഭാര്യ പോലീസിനെ സമീപിച്ചത്. 

യുവതിയുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ച പോലീസ് സംഘം ഫൈന്‍ഡ് മൈ ഐഫോണ്‍ ആപ്പ് ഉപയോഗിച്ചാണ് കോള്‍മാന്റെ സ്ഥലം കണ്ടെത്തിയത്. ഇത് പരിശോധിച്ചപ്പോള്‍ യുവാവ് അവസാനമായി പോയത് മെക്‌സിക്കോയിലെ റൊസാരിറ്റോയിലേക്കാണെന്ന് വ്യക്തമായി. തുടര്‍ന്ന് മെക്‌സിക്കോയില്‍നിന്ന് തിരികെ യു.എസിലേക്ക് വരുന്നതിനിടെ അതിര്‍ത്തിയില്‍വെച്ച് കോള്‍മാനെ എഫ്.ബി.ഐ. സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. 

എഫ്.ബി.ഐ. നടത്തിയ ചോദ്യംചെയ്യലില്‍ സ്പിയര്‍ ഫിഷിങ് ഗണ്‍ ഉപയോഗിച്ച് രണ്ട് മക്കളെയും കൊലപ്പെടുത്തിയതായി ഇയാള്‍ സമ്മതിച്ചു. എന്നാല്‍ ഇതിന് പറഞ്ഞ കാരണമാണ് അന്വേഷണ ഉദ്യോഗസ്ഥരെ ശരിക്കും ഞെട്ടിച്ചത്. 

ക്യുഅനോന്‍, ഇല്യുമിനാറ്റി സിദ്ധാന്തങ്ങളിലൂടെ തനിക്ക് ബോധോദയമുണ്ടായെന്നും ഭാര്യയില്‍ സാത്താന്റെ ഡി.എന്‍.എയുണ്ടെന്നും ഇത് മക്കളിലേക്ക് കൈമാറിയതായി വെളിപാട് ലഭിച്ചെന്നും അതിന്റെ ലക്ഷണങ്ങള്‍ കണ്ടെന്നുമായിരുന്നു കോള്‍മാന്റെ മൊഴി. മക്കള്‍ രാക്ഷസന്മാരായി വളരുമെന്ന് കരുതിയതിനാലാണ് അവരെ കൊലപ്പെടുത്തിയതെന്നും ചെയ്തത് തെറ്റാണെന്ന് ബോധ്യമുണ്ടായിരുന്നെങ്കിലും ലോകത്തെ രക്ഷിക്കാന്‍ വേണ്ടിയാണ് ഇത് ചെയ്തതെന്നും യുവാവ് പറഞ്ഞു. 

സംഭവത്തില്‍ കോള്‍മാനെ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതായാണ് എഫ്.ബി.ഐ. നല്‍കുന്നവിവരം. യു.എസ്. പൗരന്മാരെ വിദേശരാജ്യങ്ങളില്‍വെച്ച് കൊലപ്പെടുത്തിയ കുറ്റമാണ് ഇയാള്‍ക്കെതിരേ ചുമത്തിയിരിക്കുന്നതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

Content Highlights: us man killed two children over serpent dna fbi arrested him