കാലിഫോർണിയ: വ്യാജ രേഖകൾ നൽകി കോവിഡ് ദുരിതാശ്വാസ വായ്പ സ്വന്തമാക്കിയ യുവാവ് പിടിയിൽ. യു.എസിലെ കാലിഫോർണിയയിൽ താമസിക്കുന്ന മുസ്തഫ ഖാദിരി(38)യെയാണ് അധികൃതർ പിടികൂടിയത്. ഏകദേശം അഞ്ച് മില്യൺ ഡോളർ(ഏകദേശം 36 കോടിയിലധികം രൂപ) ആണ് ഇയാൾ വ്യാജരേഖകൾ സമർപ്പിച്ച് കോവിഡ് ദുരിതാശ്വാസ വായ്പയായി സ്വന്തമാക്കിയതെന്ന് അധികൃതർ പറഞ്ഞു.

കോവിഡിൽ സാമ്പത്തികപ്രയാസം നേരിട്ട ചെറുകിട വ്യവസായികൾക്കാണ് കഴിഞ്ഞവർഷം മുതൽ കോവിഡ് വായ്പകൾ അനുവദിച്ചിരുന്നത്. എന്നാൽ മുസ്തഫ ഖാദിരി വ്യാജവിവരങ്ങൾ നൽകി മൂന്ന് ബാങ്കുകളിൽ വായ്പയ്ക്ക് അപേക്ഷിക്കുകയായിരുന്നു. നിലവിൽ പ്രവർത്തിക്കാത്ത നാല് കമ്പനികളുടെ പേരിലാണ് ഇയാൾ വായ്പയ്ക്ക് അപേക്ഷിച്ചത്. ഇതിനായി ബാങ്ക് രേഖകളിൽ കൃത്രിമം നടത്തുകയും വ്യാജ നികുതി രേഖകൾ നിർമിക്കുകയും ചെയ്തു. തൊഴിലാളികളെ സംബന്ധിച്ചും തെറ്റായ വിവരങ്ങളാണ് സമർപ്പിച്ചത്.

ഏകദേശം അഞ്ച് മില്യൺ ഡോളറാണ് വിവിധ ബാങ്കുകളിൽനിന്ന് മുസ്തഫ ഖാദിരിക്ക് വായ്പയായി ലഭിച്ചത്. ഈ പണമെല്ലാം ഇയാൾ ആഡംബരജീവിതത്തിനായാണ് ചെലവഴിച്ചത്. പണം ഉപയോഗിച്ച് ആഡംബര കാറുകൾ വാങ്ങിക്കൂട്ടിയ ഖാദിരി, ഉല്ലാസയാത്രകൾ നടത്തിയെന്നും അധികൃതർ പറഞ്ഞു.

അടുത്തിടെയാണ് ഇയാൾ വ്യാജരേഖകളിലൂടെയാണ് വായ്പ സ്വന്തമാക്കിയതെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് കഴിഞ്ഞയാഴ്ച ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഏകദേശം രണ്ട് മില്യൺ ഡോളർ ഖാദിരിയുടെ ബാങ്ക് അക്കൗണ്ടുകളിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇയാളുടെ വീട്ടിൽനിന്ന് ഫെറാരി, ബെന്റ്ലി, ലംബോർഗിനി തുടങ്ങിയ ആഡംബര കാറുകളും ഫെഡറൽ ഏജന്റുമാർ പിടിച്ചെടുത്തു. മുസ്തഫ ഖാദിരിയെ പിന്നീട് ഒരുലക്ഷം ഡോളറിന്റെ ബോണ്ടിൽ വിട്ടയച്ചു. കേസിൽ ഇനി ജൂൺ 29-ന് വിചാരണ ആരംഭിക്കും.

Content Highlights:us man arrested for covid loan fraud and seized his luxury cars