ലഖ്നൗ: യു.എസിലെ കോളേജ് വിദ്യാർഥിനിയായിരുന്ന സുധീക്ഷ ഭാട്ടിയുടെ അപകടമരണത്തിൽ യുവാക്കൾ ശല്യപ്പെടുത്തിയത് പരാമർശിക്കാതെ എഫ്.ഐ.ആർ. സുധീക്ഷയുടെ കുടുംബം ആരോപിച്ചതെല്ലാം അപ്പാടെ തള്ളിയാണ് യു.പി. പോലീസ് കഴിഞ്ഞദിവസം പ്രാഥമിക എഫ്.ഐ.ആർ സമർപ്പിച്ചത്. ബുലന്ദ്ഷഹറിൽ തിങ്കളാഴ്ചയായിരുന്നു അപകടം.
അമ്മാവനും കസിനുമൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സുധീക്ഷയെ ബൈക്കിൽ പിന്തുടർന്നെത്തിയ രണ്ട് പേർ നിരന്തരം ശല്യപ്പെടുത്തിയെന്നും ബൈക്കിനെ മറികടന്ന് തടസം സൃഷ്ടിച്ചതായും കുടുംബം കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. എന്നാൽ ഇതിനൊന്നും തെളിവില്ലെന്ന് പറഞ്ഞാണ് യു.പി. പോലീസ് എഫ്.ഐ.ആർ തയ്യാറാക്കിയിരിക്കുന്നത്.
സുധീക്ഷയും അമ്മാവനും കസിനും സഞ്ചരിച്ച ബൈക്കിനെ രണ്ട് പേർ പിന്തുടരുകയും സുധീക്ഷയെ ശല്യം ചെയ്തെന്നുമായിരുന്നു കുടുംബത്തിന്റെ ആരോപണം. ഇവർ സഞ്ചരിച്ച ബൈക്കിൽ യുവാക്കളുടെ ബൈക്ക് ഇടിച്ചാണ് അപകടമുണ്ടായതെന്നായിരുന്നു കഴിഞ്ഞദിവസം കുടുംബത്തിന് കിട്ടിയ വിവരം. എന്നാൽ സുധീക്ഷ സഞ്ചരിച്ചിരുന്ന ബൈക്കിനെ മറികടന്ന യുവാക്കൾ ബൈക്ക് പെട്ടെന്ന് നിർത്തുകയും ഇതേത്തുടർന്ന് സുധീക്ഷയും അമ്മാവനും കസിനും സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം സംഭവിച്ചെന്നുമാണ് സുധീക്ഷയുടെ പിതാവ് ഏറ്റവുമൊടുവിൽ വ്യക്തമാക്കിയത്.
അപകടത്തിൽ സുധീക്ഷയുടെ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റെന്നും ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചെന്നും പിതാവ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളിൽ കാണുന്ന ബൈക്ക് യാത്രികരെ കണ്ടെത്തി തക്കതായ ശിക്ഷ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, യുവാക്കൾ പെൺകുട്ടിയെ ശല്യപ്പെടുത്തിയെന്ന ആരോപണത്തിൽ പോലീസ് ഇതുവരെ വ്യക്തമായ മറുപടി നൽകിയിട്ടില്ല. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നായിരുന്നു പോലീസിന്റെ പ്രതികരണം. ശല്യപ്പെടുത്തിയെന്ന ആരോപണത്തിന് തെളിവില്ലാത്തതിനാൽ അപകടകരമായ രീതിയിൽ വാഹനമോടിച്ച് മരണത്തിനിടയാക്കിയെന്ന കുറ്റം മാത്രമാണ് എഫ്.ഐ.ആറിലുള്ളത്. പെൺകുട്ടിയെ ശല്യംചെയ്തതിനെക്കുറിച്ച് പരാമർശം പോലുമില്ല.
പെൺകുട്ടിയുടെ കുടുംബത്തിന്റെ ആരോപണങ്ങൾ ശരിയല്ലെന്നായിരുന്നു ജില്ലാ മജിസ്ട്രേറ്റ് രവീന്ദ്രകുമാറിന്റെയും പ്രതികരണം. സുധീക്ഷ സഞ്ചരിച്ച ബൈക്ക് ഓടിച്ചിരുന്നത് അമ്മാവനല്ലെന്നും പ്രായപൂർത്തിയാകാത്ത കസിനായിരുന്നുവെന്നും പെൺകുട്ടിയെ ശല്യംചെയ്തതിന് തെളിവില്ലെന്നും അദ്ദേഹം പറഞ്ഞു.
ഉത്തർപ്രദേശിലെ ഒരു ഗ്രാമത്തിൽ പഠിച്ചുവളർന്ന സുധീക്ഷ ഭാട്ടി പ്ലസ് ടു പരീക്ഷയിൽ ബുലന്ദ്ഷഹർ ജില്ലയിൽ ഒന്നാമതായിരുന്നു. ശേഷം 3.8 കോടി രൂപ സ്കോളർഷിപ്പ് ലഭിച്ചതോടെയാണ് യുഎസിൽ തുടർപഠനത്തിന് പോയത്. യുഎസിലെ ബാബ്സൺ കോളേജിൽ പഠനം തുടരുന്നതിനിടെ കഴിഞ്ഞമാസം നാട്ടിൽ തിരിച്ചെത്തി. ഓഗസ്റ്റ് അവസാനത്തോടെ യുഎസിലേക്ക് തിരിച്ചുപോകാൻ ഒരുങ്ങുന്നതിനിടെയാണ് ദാരുണമായ അപകടം സംഭവിച്ചത്.
Content Highlights:us college student sudeeksha bhati accident death police did not mention harassment