വാഷിങ്ടൺ: കുപ്രസിദ്ധ മയക്കുമരുന്ന് മാഫിയ തലവൻ മുഹമ്മദ് ആസിഫ് ഹഫീസിൽനിന്ന് യു.എസ്. അന്വേഷണ ഏജൻസികൾ ദാവൂദ് ഇബ്രാഹിമിനെക്കുറിച്ചുള്ള വിവരങ്ങൾ തേടിയിരുന്നതായി റിപ്പോർട്ട്. 2014 മുതൽ 2017 വരെയുള്ള കാലയളവിലാണ് യു.എസ്. ഡ്രഗ് എൻഫോഴ്സ്മെന്റ് അഡ്മിനിസ്ട്രേഷനും(ഡി.എ.ഇ.) സെൻട്രൽ ഇന്റലിജൻസ് ഏജൻസി(സി.ഐ.എ.)യും ഹഫീസിനെ കണ്ട് വിവരങ്ങൾ ആരാഞ്ഞത്. അധോലോക കുറ്റവാളിയായ ദാവൂദ് ഇബ്രാഹിം എവിടെയുണ്ടെന്നതും മറ്റു വിവരങ്ങളുമാണ് യു.എസ്. ഏജൻസികൾ ചോദിച്ചതെന്നും ഹഫീസിന്റെ അഭിഭാഷകർ ബ്രിട്ടനിലെ ഹൈക്കോടതിയിൽ നൽകിയ രേഖകളിൽ പറയുന്നു.

സ്വർണവ്യാപാരിയും മയക്കുമരുന്ന് മാഫിയ തലവനുമായ ഹഫീസ് മയക്കുമരുന്നുകളുടെ സുൽത്താൻ എന്നാണ് അറിയിപ്പെടുന്നത്. 2017-ലാണ് ഹഫീസ് ലണ്ടനിൽ അറസ്റ്റിലായത്. ഈ കേസിന്റെ നടപടിക്രമങ്ങളുടെ ഭാഗമായി അഭിഭാഷകർ സമർപ്പിച്ച രേഖകളിലാണ് അമേരിക്കൻ ഏജൻസികൾ വിവരം ആരാഞ്ഞതിനെക്കുറിച്ചും വിശദീകരിച്ചിരിക്കുന്നത്.

ദാവൂദ് ഇബ്രാഹിമിനെക്കുറിച്ചുള്ള വിവരങ്ങൾ നൽകാൻ അമേരിക്കൻ ഏജൻസികൾ ആവശ്യപ്പെട്ടെന്നാണ് ഹഫീസ് പറയുന്നത്. താലിബാനെക്കുറിച്ചും അഫ്ഗാനിസ്ഥാനെക്കുറിച്ചുമുള്ള വിവരങ്ങളും യു.എസ്. ഏജൻസികൾ ചോദിച്ചിരുന്നു. ഇതേക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നായിരുന്നു ഹഫീസിന്റെ മറുപടി. പക്ഷേ, ദാവൂദ് ഇബ്രാഹിമിനെക്കുറിച്ച് ഹഫീസ് തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം വെളിപ്പെടുത്തിയെന്നും റിപ്പോർട്ടിലുണ്ട്.

ദുബായിലെ സ്വർണവ്യാപാരവുമായി ബന്ധപ്പെട്ടായിരുന്നു ദാവൂദിനെ പരിചയം. ദാവൂദിനൊപ്പം ക്രിക്കറ്റ് മത്സരങ്ങൾ കണ്ടിട്ടുണ്ട്. ബോളിവുഡ് താരങ്ങളുടെ പല പരിപാടികളിലും മുൻനിരയിലായിരുന്നു ദാവൂദിന്റെ ഇരിപ്പിടം. ഏത് പ്രകടനം തുടങ്ങുന്നതിന് മുമ്പും താരങ്ങൾ ദാവൂദിൽനിന്ന് അനുവാദം വാങ്ങുമായിരുന്നു. ബോളിവുഡിൽ അത്രയേറെ ബന്ധങ്ങളായിരുന്നു അദ്ദേഹത്തിന്. ഏതാനും കാലം ദാവൂദ് ദുബായിൽ ഉണ്ടായിരുന്നു എന്നല്ലാതെ ഇപ്പോൾ എവിടെയാണെന്ന് അറിയില്ലെന്നും ഹഫീസ് അന്വേഷണ ഏജൻസികളോട് പറഞ്ഞു.

ദാവൂദ് ഇബ്രാഹിമിന് പുറമേ ജാബിർ മോട്ടിവാലയെക്കുറിച്ചും ഹഫീസിൽനിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞിരുന്നു. എന്നാൽ കറാച്ചി സ്റ്റോക്ക് എക്സ്ചേഞ്ചിൽ ജോലിചെയ്തിരുന്ന ഒരു സ്റ്റോക്ക് ബ്രോക്കർ എന്നതിലുപരി ജാബിറിനെക്കുറിച്ച് തനിക്കറിയില്ലെന്നായിരുന്നു ഹഫീസിന്റെ മറുപടി.

ദാവൂദ് ഇബ്രാഹിമിന്റെ ഡി-കമ്പനിയിലെ ഉപനേതാവായിരുന്നു ജാബിർ മോട്ടിവാല. ദാവൂദിന്റെ വലംകൈ എന്നറിയപ്പെടുന്ന ജാബിർ മോട്ടിവാലയാണ് ലോകമെമ്പാടുമുള്ള ദാവൂദിന്റെ നിക്ഷേപങ്ങൾ കൈകാര്യം ചെയ്തിരുന്നത്. എന്നാൽ 2018-ൽ ലണ്ടനിലെ ഹിൽട്ടൺ ഹോട്ടലിൽവെച്ച് ജാബിറിനെ ബ്രിട്ടീഷ് പോലീസ് പിടികൂടിയിരുന്നു.

പാകിസ്താനിലെ ലാഹോർ സ്വദേശിയും സ്വർണ-വെള്ളി വ്യാപാരിയുമായ ഹഫീസ് 2017-ലാണ് മയക്കുമരുന്ന് കേസിൽ ബ്രിട്ടനിൽ അറസ്റ്റിലായത്. മയക്കുമരുന്നുകളുടെ സുൽത്താൻ എന്നാണ് ഹഫീസ് അറിയപ്പെട്ടിരുന്നത്. ഏഷ്യ, ആഫ്രിക്ക, മിഡിൽഈസ്റ്റ്, യൂറോപ്പ് തുടങ്ങിയ മേഖലകളിൽ വ്യാപിച്ചുകിടക്കുന്നതായിരുന്നു ഹഫീസിന്റെ മയക്കുമരുന്ന് ശൃംഖല. 2017-ൽ ബ്രിട്ടനിലെ നാഷണൽ ക്രൈം ഏജൻസിയും യുഎസ് ഡ്രഗ് എൻഫോഴ്സ്മെന്റ് അഡ്മിനിസ്ട്രേഷനും ചേർന്ന് ഹഫീസിനെ ലണ്ടനിൽവെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.

Content Highlights:us agents asked information about dawood ibrahim to sultan of drugs