മുംബൈ: മുംബൈയിൽനിന്ന് ഏഴ് കിലോയിലേറെ യുറേനിയം പിടിച്ചെടുത്തു. ഏകദേശം 21.3 കോടി രൂപ വിലവരുന്ന യുറേനിയമാണ് മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തു.

താനെ സ്വദേശി ജിഗർ പാണ്ഡ്യ(27), മൻകുർദ് സ്വദേശി അബു താഹിർ അഫ്സൽ ഹുസൈൻ ചൗധരി(31) എന്നിവരാണ് അറസ്റ്റിലായത്. ഫെബ്രുവരി 14-നാണ് യുറേനിയം വിൽക്കാനുള്ള ശ്രമത്തിനിടെ ജിഗർ പാണ്ഡ്യയെ ഭീകരവിരുദ്ധ സേന പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തതോടെ അബു താഹിറാണ് യുറേനിയം വിതരണം ചെയ്യുന്നതെന്ന് കണ്ടെത്തി. തുടർന്ന് കുർളയ്ക്ക് സമീപത്തുനിന്നാണ് അബു താഹിറിനെ പിടികൂടിയത്. ഇയാളിൽനിന്ന് 7.1 കിലോ യുറേനിയവും കണ്ടെടുത്തു.

പിടിച്ചെടുത്ത യുറേനിയം പരിശോധനയ്ക്കായി ബാബാ അറ്റോമിക് റിസർച്ച് സെന്ററിലേക്ക് അയച്ചെന്നും പ്രകൃതിദത്തമായ യുറേനിയമാണെന്ന് കണ്ടെത്തിയെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഉയർന്ന റേഡിയോ ആക്ടീവുള്ള ഈ പദാർഥം മനുഷ്യജീവന് ഏറെ അപകടകരമാണെന്നാണ് റിപ്പോർട്ടിലുള്ളതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി മെയ് 12 വരെ റിമാൻഡ് ചെയ്തു.

Content Highlights:uranium seized in mumbai two arrested