ലഖ്നൗ: വ്യാജരേഖകൾ നൽകി ഭർത്താവിന്റെ പേരിൽ പാസ്പോർട്ട് എടുത്ത് കാമുകനൊപ്പം വിദേശയാത്ര നടത്തിയ യുവതിക്കെതിരേ പരാതി. ഉത്തർപ്രദേശ് പിലിഭിത് സ്വദേശിയായ 46-കാരനാണ് 36-കാരിയായ ഭാര്യയ്ക്കും കാമുകനും എതിരേ പരാതി നൽകിയത്. വ്യാജരേഖകൾ ചമച്ച് തന്റെ പേരിൽ പാസ്പോർട്ട് സ്വന്തമാക്കിയ ഭാര്യയും കാമുകനും ഓസ്ട്രേലിയയിലേക്ക് വിനോദയാത്ര പോയെന്നാണ് ഭർത്താവിന്റെ പരാതി.

ജനുവരിയിലാണ് യുവതിയും കാമുകനായ സന്ദീപ് സിങ്ങും(36) ഓസ്ട്രേലിയയിലേക്ക് പോയത്. മാർച്ചിൽ തിരികെവരാനായിരുന്നു പദ്ധതി. എന്നാൽ കൊറോണ വ്യാപനം കാരണം അന്താരാഷ്ട്ര വിമാനസർവീസുകൾ നിർത്തിവെച്ചതോടെ ഇരുവരും ഓസ്ട്രേലിയയിൽ കുടുങ്ങി. മെയ് 18-ന് മുംബൈയിലെ ജോലിസ്ഥലത്ത് നിന്ന് നാട്ടിലെത്തിയപ്പോളാണ് ഭാര്യ കാമുകനൊപ്പം യാത്രപോയൈന്ന് ഭർത്താവിന് മനസിലായത്. സന്ദീപ് സിങ്ങിനൊപ്പമാണ് ഭാര്യ പോയതെന്നും ഇദ്ദേഹം കണ്ടെത്തി.

ഇതിനിടെ 46-കാരൻ പാസ്പോർട്ടിനായി അപേക്ഷ നൽകിയപ്പോഴാണ് മറ്റൊരു കാര്യംകൂടി തിരിച്ചറിഞ്ഞത്. ബരേലിയിലെ പാസ്പോർട്ട് ഓഫീസിൽ അപേക്ഷ നൽകിയ 46-കാരന്റെ പേരിൽ 2019 ഫെബ്രുവരിയിൽ പാസ്പോർട്ട് അനുവദിച്ചിട്ടുണ്ടെന്നായിരുന്നു അധികൃതരുടെ മറുപടി. ഈ പാസ്പോർട്ടിലാണ് ഭാര്യയുടെ കാമുകൻ ഓസ്ട്രേലിയയിലേക്ക് പോയതെന്നും കണ്ടെത്തി.

സംഭവം ഗുരുതരമാണെന്ന് ബോധ്യപ്പെട്ടതോടെ 46-കാരൻ ജില്ലാ പോലീസ് സൂപ്രണ്ടിനടക്കം പരാതി നൽകി. ഓഗസ്റ്റ് 24-ന് ഭാര്യയും കാമുകനും തിരിച്ചെത്തിയതിന് പിന്നാലെയാണ് ഭർത്താവ് പരാതി നൽകിയത്. സംഭവത്തിൽ വ്യാജപാസ്പോർട്ട് ഉപയോഗിച്ച് യാത്രചെയ്തതിന് സന്ദീപ് സിങ്ങിനെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. എങ്ങനെയാണ് ഇവർ പരാതിക്കാരന്റെ പേരിൽ പാസ്പോർട്ട് സ്വന്തമാക്കിയതെന്ന് സംബന്ധിച്ച് അന്വേഷണം നടന്നുവരികയാണ്. ഇക്കാര്യത്തിൽ വ്യക്തത വരുന്നതോടെ ഭാര്യയ്ക്കെതിരേയും കേസെടുക്കുമെന്നും പോലീസ് വ്യക്തമാക്കി.

Content Highlights:up woman went to australia with her lover on her husbands passport