ഗോരഖ്പൂർ: മൂന്ന് കുട്ടികളുടെ അമ്മയായ യുവതി എട്ടാംക്ലാസ് വിദ്യാർഥിയുടെ കൂടെ ഒളിച്ചോടി. ഉത്തർപ്രദേശിലെ കാംപെയർഗഞ്ച് സ്വദേശികളായ 29-കാരിയും 15-കാരനുമാണ് ഒളിച്ചോടിയത്. സംഭവത്തിൽ ആൺകുട്ടിയുടെ കുടുംബത്തിന്റെ പരാതിയിൽ കാംപെയർഗഞ്ച് പോലീസ് അന്വേഷണം ആരംഭിച്ചതായി ടൈംസ് നൗ റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ ബുധനാഴ്ച ശിവരാത്രി ആഘോഷങ്ങൾക്കിടെയാണ് യുവതിയും 15-കാരനും ഒളിച്ചോടിയതെന്നാണ് പരാതിയിൽ പറയുന്നത്. ഇരുവരെയും കാണാതായതോടെ കുടുംബാംഗങ്ങൾ തിരച്ചിൽ നടത്തിയിരുന്നു. രണ്ടുദിവസം അന്വേഷിച്ചിട്ടും ഇവരെ കണ്ടെത്താനായില്ല. തുടർന്നാണ് 15-കാരന്റെ കുടുംബം വെള്ളിയാഴ്ച പോലീസിൽ പരാതി നൽകിയത്.

കഴിഞ്ഞ ഒരുവർഷമായി 15-കാരനും യുവതിയും അടുപ്പത്തിലാണെന്നാണ് പ്രദേശവാസികളിലൊരാൾ പറഞ്ഞത്. ഇരുവരും അടുത്തിടപഴകുന്നത് പലരും ശ്രദ്ധിച്ചിരുന്നെങ്കിലും ഇവരുടെ പ്രായവ്യത്യാസം കണക്കിലെടുത്ത് ആർക്കും മറ്റു സംശയങ്ങളുണ്ടായിരുന്നില്ല. അതിനിടെ, അടുത്തകാലത്തായി യുവതിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികതയുണ്ടായിരുന്നതായി ഭർത്താവ് പറഞ്ഞു. എന്നാൽ ഇത്തരത്തിലൊരു സംഭവമുണ്ടാകുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തിൽ ആൺകുട്ടിയുടെ കുടുംബമാണ് പരാതി നൽകിയതെന്നും യുവതിക്കെതിരേ കേസെടുത്തിട്ടുണ്ടെന്നും കാംപെയർഗഞ്ച് സർക്കിൾ ഓഫീസർ രാഹുൽ ഭാട്ടി അറിയിച്ചു. കുട്ടിയെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയതിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇരുവരെയും കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും സർക്കിൾ ഓഫീസർ വ്യക്തമാക്കി.

Content Highlights:up woman eloped with class eight student police trying to trace them