ലഖ്‌നൗ:  ജീവനക്കാരിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ അണ്ടര്‍സെക്രട്ടറി അറസ്റ്റില്‍. ഉത്തര്‍പ്രദേശ് ന്യൂനപക്ഷ ക്ഷേമ വകുപ്പിലെ സെക്ഷന്‍ ഇന്‍-ചാര്‍ജായ ഇച്ഛാറാം യാദവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ലൈംഗികാതിക്രമത്തിനിരയായ യുവതി പുറത്തുവിട്ട വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ ഓഫീസില്‍വെച്ച് കടന്നുപിടിക്കുന്നതിന്റെയും ശല്യംചെയ്യുന്നതിന്റെയും വീഡിയോയാണ് യുവതി പുറത്തുവിട്ടിരുന്നത്. 

ലഖ്‌നൗ ബാപ്പുഭവനിലെ ഓഫീസിലാണ് ഇച്ഛാറാം യാദവും പരാതിക്കാരിയും ജോലിചെയ്യുന്നത്. അണ്ടര്‍സെക്രട്ടറി പദവിയിലുള്ള ഇച്ഛാറാം 2018 മുതല്‍ നിരന്തരം ഉപദ്രവിക്കാറുണ്ടെന്നാണ് യുവതിയുടെ പരാതി. കരാര്‍ ജീവനക്കാരിയായതിനാല്‍ പരാതിപ്പെട്ടാല്‍ ജോലി തെറിപ്പിക്കുമെന്നും അണ്ടര്‍സെക്രട്ടറി ഭീഷണിപ്പെടുത്തിയിരുന്നു. 

ഉപദ്രവം തുടര്‍ന്നതോടെ സംഭവത്തിന്റെ വീഡിയോ പകര്‍ത്താന്‍ യുവതി തീരുമാനിക്കുകയായിരുന്നു. ഓഫീസില്‍ ജോലിചെയ്യുന്നതിനിടെ ഇച്ഛാറാം യുവതിയ്ക്ക് നേരേ ലൈംഗികാതിക്രമം നടത്തുന്ന വീഡിയോയാണ് മൊബൈലില്‍ പകര്‍ത്തിയത്. ജോലിചെയ്യുന്നതിനിടെ യുവതിയുടെ അടുത്തെത്തി ശരീരത്തില്‍ കയറിപിടിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. ഒടുവില്‍ ഇയാളെ യുവതി തള്ളിമാറ്റുന്നതും ദൃശ്യങ്ങളില്‍ കാണാം. 

ഉപദ്രവത്തിന്റെ തെളിവ് പകര്‍ത്തിയതോടെ യുവതി ധൈര്യപൂര്‍വം ഹുസൈന്‍ഗഞ്ച് പോലീസ് സ്‌റ്റേഷനിലും പരാതി നല്‍കി. ഓഫീസില്‍നിന്ന് പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങള്‍ സഹിതമാണ് ഒക്ടോബര്‍ 29-ന് പരാതി നല്‍കിയത്. എന്നാല്‍ തെളിവ് സഹിതം പരാതി ലഭിച്ചിട്ടും പോലീസ് നടപടിയെടുക്കാന്‍ വൈകിയെന്നാണ് യുവതിയുടെ ആരോപണം. ഇതോടെ അണ്ടര്‍സെക്രട്ടറിയുടെ വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിടുകയായിരുന്നു. 

അതേസമയം, യുവതിയുടെ പരാതിയില്‍ ഒക്ടോബര്‍ 29-ന് തന്നെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നതായി സെന്‍ട്രല്‍ എ.ഡി.സി.പി. ഖ്യാതി ഘാര്‍ഗ് പറഞ്ഞു. യുവതിയെ വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു. അതിനുശേഷം ഇരുവിഭാഗങ്ങളില്‍നിന്നും ശേഖരിച്ച തെളിവുകള്‍ പരിശോധിച്ചെന്നും അതിനുശേഷമാണ് നടപടിയിലേക്ക് കടന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

Content Highlights: up undersecretary arrested for molesting woman employee in office