ഓണ്‍ലൈന്‍ ക്ലാസിനിടെ അശ്ലീലസന്ദേശം അയച്ചെന്ന് ആരോപണം; വിദ്യാര്‍ഥികളെ തല്ലിച്ചതച്ച് അധ്യാപികലഖ്നൗ: ഓൺലൈൻ ക്ലാസിനിടെ അശ്ലീല സന്ദേശം അയച്ചെന്ന് ആരോപിച്ച് വിദ്യാർഥികൾക്ക് അധ്യാപികയുടെ മർദനം. ഉത്തർപ്രദേശിലെ ഭാഗ്പാതിലെ അധ്യാപികയാണ് രണ്ട് വിദ്യാർഥികളെ വലിയ വടി കൊണ്ട് തല്ലിച്ചതച്ചത്. മർദനത്തിന്റെ ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നു.

ഓൺലൈൻ ക്ലാസിനിടെ അശ്ലീല സന്ദേശം അയച്ചെന്ന് പറഞ്ഞാണ് വിദ്യാർഥികളെ അധ്യാപിക മർദിച്ചതെന്ന് ടൈംസ് നൗ റിപ്പോർട്ട് ചെയ്തു. വളരെ മോശമായ ഭാഷയാണ് വിദ്യാർഥികൾ സന്ദേശത്തിൽ ഉപയോഗിച്ചതെന്ന് വീഡിയോ റെക്കോഡ് ചെയ്തയാൾ പറയുന്നതും ദൃശ്യങ്ങളിൽ കേൾക്കാം.

മർദനം ഭയന്ന് തറയിലിരുന്ന വിദ്യാർഥിയുടെ തലയിലും മുതുകിലും അധ്യാപിക മർദിക്കുന്നതും ദൃശ്യത്തിലുണ്ട്. അശ്ലീല സന്ദേശം അയച്ചിട്ടില്ലെന്ന് പറഞ്ഞിട്ടും ഇതൊന്നും കേൾക്കാതെയാണ് അധ്യാപിക വിദ്യാർഥികളെ മർദിച്ചത്. അതേസമയം, സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ദേശീയമാധ്യമങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

Content Highlights:up teacher thrashes two students she alleges they sent obscene message during online class