ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ നാലുവര്‍ഷത്തിനിടെ ഗുണ്ടാസംഘങ്ങളില്‍നിന്ന് 1848 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടിയതായി പോലീസ്. നാല് വര്‍ഷത്തിനിടെ 139 കുറ്റവാളികള്‍ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായും 43294 പേര്‍ക്കെതിരേ ഗുണ്ടാനിയമ പ്രകാരം കേസെടുത്തതായും പോലീസ് പറഞ്ഞു. 

2017 മാര്‍ച്ച് 20 മുതല്‍ 2021 ജൂണ്‍ 20 വരെയുള്ള കാലയളവിലാണ് 139 കുറ്റവാളികള്‍ കൊല്ലപ്പെട്ടത്. ഇതിനിടെ, ഗുണ്ടാനിയമം അനുസരിച്ച് കോടിക്കണക്കിന് രൂപയുടെ സ്വത്ത് പിടിച്ചെടുക്കുകയും ചെയ്തു. ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലായി മുഖ്താര്‍ അന്‍സാരിയുടെ ഗുണ്ടാസംഘത്തിലുള്ള 248 പേര്‍ക്കെതിരേ നടപടി സ്വീകരിച്ചതായും ഇവരുടെ 222 കോടിയുടെ സ്വത്തുക്കള്‍ പിടിച്ചെടുത്തതായും എ.ഡി.ജി. പ്രശാന്ത്കുമാര്‍ പറഞ്ഞു. വിവിധ ജില്ലകളിലുള്ള 222 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ഈ സംഘത്തിലെ 160 പേരെ അറസ്റ്റ് ചെയ്തു. മറ്റുള്ള 121 പേര്‍ക്കെതിരേ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവില്‍ സബര്‍മതി ജയിലില്‍ കഴിയുന്ന ആതിഖ് അഹമ്മദ് എന്ന ഗുണ്ടാത്തലവന്റെ 350 കോടിയുടെ സ്വത്തുക്കളാണ് പിടിച്ചെടുത്തത്. ഇയാളുടെ സംഘത്തിലെ 65 പേര്‍ക്കെതിരേ നടപടിയെടുത്തു. കൊടുംകുറ്റവാളിയായ സുന്ദര്‍ ഭാട്ടിയയുടെയും കൂട്ടാളികളുടെയും 63 കോടിയുടെ സ്വത്തും കണ്ടുകെട്ടി. ഗുണ്ടാത്തലവനായ കുണ്ഡു സിങ്ങിന്റെ 24 കൂട്ടാളികളുടെ 19 കോടി രൂപയുടെ സ്വത്തും സര്‍ക്കാരിലേക്ക് പിടിച്ചെടുത്തു. ഇക്കാലയളവില്‍ കൃത്യമായ പ്രോസിക്യൂഷന്‍ നടപടികള്‍ കാരണം മുസാഫര്‍നഗറിലെ സഞ്ജീവ്, ലഖ്‌നൗവിലെ ബാബ്ലു ശ്രീവാസ്തവ, സുന്ദര്‍ഭാട്ടി, സിങ് രാജ് ഭാട്ടി തുടങ്ങിയവര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ ഉറപ്പുവരുത്താനായെന്നും എ.ഡി.ജി. വിശദീകരിച്ചു. 

Content Highlights: up police attached property worth 1848 crores from gangsters