തലശ്ശേരി: റെയില്‍പ്പാളത്തില്‍ കല്ല് വെച്ചയാളെ തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശ് ഗാസിപ്പൂരിലെ ഡബ്‌ളു (25) ആണ് അറസ്റ്റിലായത്. റെയില്‍പ്പാളത്തില്‍ പലയിടത്തായി കല്ലുവെച്ച ഇയാളെ പോലീസ് പിന്തുടര്‍ന്ന് എടക്കാട്ടുനിന്നാണ് പിടികൂടിയത്. പെട്ടിപ്പാലത്തിനു സമീപമാണ് പാളത്തില്‍ ആദ്യം കല്ല് കണ്ടത്.

ബുധനാഴ്ച രാവിലെ 10.25-ന് എത്തിയ കോയമ്പത്തൂര്‍-മംഗളൂരു സൂപ്പര്‍ഫാസ്റ്റ് തീവണ്ടി നിര്‍ത്തി കല്ല് മാറ്റിയ ശേഷമാണ് യാത്ര തുടര്‍ന്നത്. അതിനു സമീപത്തുതന്നെ മറ്റൊരു കല്ല് കൂടിയുണ്ടായിരുന്നു. പിന്നിട് പാളത്തില്‍ തലശ്ശേരിക്കും എടക്കാടിനുമിടയിലും കല്ല് കണ്ടെത്തി.

റെയില്‍വേ എന്‍ജിനിയര്‍ പോലീസില്‍ പരാതി നല്‍കി. പാളത്തിലൂടെ പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ പരസ്പരവിരുദ്ധമായാണ് സംസാരിക്കുന്നത്. റെയില്‍വേ നിയമപ്രകാരം അട്ടിമറിശ്രമത്തിനാണ് കേസ്.