ലഖ്നൗ: ഉത്തർപ്രദേശ് ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥർ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തതായി പോലീസ്. ബറേലി സി.എം.ഒ.(ചീഫ് മെഡിക്കൽ ഓഫീസർ) ഓഫീസിലെ ക്ലാർക്കുമാരും ജില്ലാ വനിതാ ആശുപത്രിയിലെ ഉദ്യോഗസ്ഥരുമാണ് ഒട്ടേറേപേരെ കബളിപ്പിച്ച് പണം തട്ടിയത്. അടുത്തിടെ പ്രവർത്തനമാരംഭിച്ച പുതിയ സർക്കാർ ആശുപത്രിയിൽ വിവിധ തസ്തികകളിൽ ജോലി വാഗ്ദാനം ചെയ്തായിരുന്നു ഇവരുടെ തട്ടിപ്പെന്നും അമ്പതോളം പേർ തട്ടിപ്പിനിരയായെന്നും പോലീസ് പറഞ്ഞു.

പണം നൽകി ജോലി ലഭിക്കാതെ കബളിപ്പിക്കപ്പെട്ടയാൾ പരാതി നൽകിയതോടെയാണ് വൻ തട്ടിപ്പിനെക്കുറിച്ച് പോലീസ് അന്വേഷണം നടത്തിയത്. 2019-ലായിരുന്നു തട്ടിപ്പിന്റെ തുടക്കം. ആശുപത്രിയിലെ സൂപ്പർവൈസർ, കമ്പ്യൂട്ടർ ഓപ്പറേറ്റർ, ലാബ് ടെക്നീഷ്യൻ, ഡ്രൈവർ തുടങ്ങിയ തസ്തികകളിലേക്ക് നിയമനം നടത്തുന്നതായാണ് പറഞ്ഞാണ് തട്ടിപ്പ് നടന്നത്. ബറേലി ചീഫ് മെഡിക്കൽ ഓഫീസറാണ് ഈ നിയമനം നടത്തുന്നതെന്നും അഞ്ച് ലക്ഷം രൂപ നൽകിയാൽ ജോലി ലഭിക്കുമെന്നും പ്രതികൾ വിശ്വസിപ്പിച്ചു. തുടർന്ന് അമ്പതോളം പേർ ഇവർക്ക് അഡ്വാൻസ് ആയി മൂന്ന് ലക്ഷം വീതം നൽകി. പക്ഷേ, പണം നൽകി ഏറെനാൾ കഴിഞ്ഞിട്ടും ജോലി ലഭിക്കാതിരുന്നപ്പോൾ ഉദ്യോഗാർഥികൾ ക്ലാർക്കുമാരോട് വിവരം തിരക്കി. ഇതോടെ 2020 മാർച്ചിൽ ഇവർക്ക് ചീഫ് മെഡിക്കൽ സൂപ്രണ്ടിന്റെ പേരിലുള്ള വ്യാജ നിയമന ഉത്തരവ് നൽകി. തുടർന്ന് കോവിഡും ലോക്ക്ഡൗണും വന്നത് പ്രതികൾക്ക് കാര്യങ്ങൾ എളുപ്പമാക്കി.

ആശുപത്രി കോവിഡ് സെന്ററാക്കിയെന്നും അതിനാൽ നിയമനം വൈകുമെന്നും ഇവർ ഉദ്യോഗാർഥികളെ തെറ്റിദ്ധരിപ്പിച്ചു. ഇതിനിടെ, കഴിഞ്ഞ ഓഗസ്റ്റിൽ പ്രതികളായ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഉദ്യോഗാർഥികൾക്ക് വൈദ്യപരിശോധനയും നടത്തി. ഇതെല്ലാം കഴിഞ്ഞ് സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലായി ജോലിക്ക് ചേരാനെത്തിയതോടെയാണ് തങ്ങൾ കബളിപ്പിക്കപ്പെട്ടതായി ഉദ്യോഗാർഥികൾ തിരിച്ചറിഞ്ഞത്. ആരോഗ്യവകുപ്പിലെ ക്ലാർക്കുമാർ നൽകിയത് വ്യാജ നിയമന ഉത്തരവാണെന്നും പുതിയ ആശുപത്രിയിലേക്ക് ആരെയും ജോലിക്കെടുത്തിട്ടില്ലെന്നും ഇവർക്ക് മനസിലായി. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.

Content Highlights:up health department staff cheated many by job fraud