ലഖ്‌നൗ:  ഉത്തര്‍പ്രദേശില്‍ പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാത്തതിന് വന്‍ തുക പിഴ ഈടാക്കിത്തുടങ്ങിയെന്ന് റിപ്പോര്‍ട്ട്. ദിയോറിയയിലെ ബരിയാര്‍പുര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന അമര്‍ജിത് യാദവ് എന്നയാള്‍ക്ക് മാസ്‌ക് ധരിക്കാത്തതിന് 10,000 രൂപ പിഴ ചുമത്തിയെന്നാണ് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മാസ്‌ക് ധരിക്കാത്തതിന് രണ്ടാംതവണയും പിടിക്കപ്പെട്ടാല്‍ വന്‍ തുക പിഴ ഈടാക്കാന്‍ തീരുമാനിച്ചതിന് ശേഷമുള്ള ആദ്യ സംഭവമാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

തിങ്കളാഴ്ചയാണ് മാസ്‌ക് ധരിക്കാത്തതിന് അമര്‍ജിത് യാദവിന് 10,000 രൂപ പിഴ ചുമത്തിയത്. ഞായറാഴ്ചയും ശനിയാഴ്ചയും ഇയാളെ മാസ്‌ക് ധരിക്കാത്തതിന് പിടികൂടിയതായും ഞായറാഴ്ച 1000 രൂപ പിഴ ചുമത്തിയിരുന്നതായും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ടി.ജെ. സിങ് പറഞ്ഞു. ഞായറാഴ്ച പിടികൂടിയപ്പോള്‍ ഇയാള്‍ക്ക് പോലീസ് മാസ്‌കും നല്‍കിയിരുന്നു. എന്നാല്‍ തിങ്കളാഴ്ച വീണ്ടും മാസ്‌ക് ധരിക്കാതെ കണ്ടതിനെ തുടര്‍ന്നാണ് 10,000 രൂപ പിഴ ഈടാക്കിയതെന്നാണ് പോലീസിന്റെ വിശദീകരണം. 

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് ഉത്തര്‍പ്രദേശില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്. കോവിഡ് വ്യാപനം നിയന്ത്രിക്കാനായി സംസ്ഥാനത്ത് ഞായറാഴ്ചകളില്‍ ലോക്ക്ഡൗണും പ്രഖ്യാപിച്ചിരുന്നു. ഇതിനൊപ്പമാണ് മാസ്‌ക് ധരിക്കാത്തവര്‍ക്ക് 10,000 രൂപ വരെ പിഴ ഈടാക്കാനും ഉത്തരവിട്ടത്. മാസ്‌ക് ധരിക്കാത്തതിന് പിടിക്കപ്പെട്ടാല്‍ ആദ്യതവണ 1000 രൂപയും രണ്ടാംതവണ 10,000 രൂപയുമാണ് പിഴ ചുമത്തുക. 

Content Highlights: up deoria man imposed rs 10000 fine for not wearing mask in public place