ലഖ്‌നൗ:  സെക്‌സ് റാക്കറ്റ് നടത്തിപ്പുകാരനാണെന്ന് ആരോപിച്ച് കോളേജ് അധ്യാപകനെതിരേ വിദ്യാര്‍ഥിനിയുടെ പരാതി. ഉത്തര്‍പ്രദേശിലെ പിലിഭിത്തിലെ കോളേജ് വിദ്യാര്‍ഥിനിയാണ് തന്റെ കോളേജിലെ ഗണിതാധ്യാപകനെതിരേ പോലീസില്‍ പരാതി നല്‍കിയത്. വിദ്യാര്‍ഥിനികള്‍ക്ക് ചില മരുന്നുകള്‍ നല്‍കിയശേഷം അവരെ ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചെന്നും മാസങ്ങളായി തന്നെ ലൈംഗികമായി പീഡിപ്പിക്കുകയാണെന്നുമാണ് വിദ്യാര്‍ഥിനിയുടെ പരാതിയില്‍ പറയുന്നത്. 

അധ്യാപകന്‍ സെക്‌സ് റാക്കറ്റ് നടത്തിപ്പുകാരനാണ്. അയാള്‍ക്കൊപ്പം കിടക്ക പങ്കിടാന്‍ നിര്‍ബന്ധിച്ച് പെണ്‍കുട്ടികളെ ചൂഷണം ചെയ്തുവരികയാണ്. താനും സുഹൃത്തും അധ്യാപകന്റെ വീട്ടില്‍പോയപ്പോള്‍ ലൈംഗികാതിക്രമത്തിന് ഇരയായി. മാസങ്ങളായി ഈ ഉപദ്രവം തുടര്‍ന്നുവരികയാണെന്നും പരാതിയിലുണ്ട്. 

മരുന്നുകള്‍ നല്‍കിയ ശേഷം ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിക്കുന്ന അധ്യാപകന്‍, ചിലപ്പോള്‍ മറ്റുള്ളവര്‍ക്ക് പെണ്‍കുട്ടികളെ കൈമാറാറുണ്ടെന്നും പെണ്‍കുട്ടി ആരോപിക്കുന്നു. അധ്യാപകന്റെ വീട്ടില്‍ സെക്‌സ് ടോയികളുണ്ടെന്നും കോളേജ് മാനേജ്‌മെന്റുമായി അടുത്തബന്ധമുള്ളയാളാണ് അധ്യാപകനെന്നും വിദ്യാര്‍ഥിനി ആരോപിച്ചു. 

പെണ്‍കുട്ടിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു. കഴിഞ്ഞദിവസം പിലിഭിത്ത് എസ്.പി.യെ പെണ്‍കുട്ടി നേരില്‍ കണ്ടിരുന്നു. തുടര്‍ന്നാണ് അധ്യാപകനെതിരേ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്. സംഭവത്തില്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതായും പോലീസ് അറിയിച്ചു. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്കും വിധേയയാക്കി. 

അധ്യാപകന്റെ ലൈംഗികാതിക്രമത്തിന് ഇരയായ മറ്റുപെണ്‍കുട്ടികളുടെ പേരുവിവരങ്ങളും വിദ്യാര്‍ഥിനി പോലീസിന് കൈമാറിയിട്ടുണ്ട്. ഇവരെ ഉടന്‍തന്നെ ബന്ധപ്പെട്ട് മൊഴിയെടുക്കുമെന്ന് കോട്ട്വാലി പോലീസ് സ്‌റ്റേഷന്‍ എസ്.എച്ച്.ഒ. സദഖത്ത് അലി വ്യക്തമാക്കി. അധ്യാപകനെതിരേ ഉയര്‍ന്നിരിക്കുന്ന ആരോപണം ഗുരുതരമാണെന്നും മറ്റു വിദ്യാര്‍ഥികള്‍ കൂടി പരാതിയുമായി മുന്നോട്ടുവന്നാല്‍ അന്വേഷിക്കുമെന്നും പിലിഭിത്ത് എസ്.പി. ദിനേശ് കുമാറും പ്രതികരിച്ചു. 

അതേസമയം, അധ്യാപകനെതിരേ പെണ്‍കുട്ടി ഇതുവരെ കോളേജില്‍ പരാതി നല്‍കിയിട്ടില്ലെന്നായിരുന്നു പ്രിന്‍സിപ്പലിന്റെ പ്രതികരണം. പെണ്‍കുട്ടി കോളേജില്‍ പരാതി നല്‍കിയിരുന്നെങ്കില്‍ നടപടി സ്വീകരിക്കുമായിരുന്നെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.