തിരുവനന്തപുരം: മാതൃഭൂമി ലേഖകന്‍ വി.ബി. ഉണ്ണിത്താനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ആറുവര്‍ഷത്തെ അന്വേഷണത്തിനുശേഷവും സി.ബി.ഐ. അന്തിമകുറ്റപത്രം നല്‍കിയില്ല. 2012ല്‍ ഡിവൈ.എസ്.പി. അബ്ദുള്‍ റഷീദിനെ സി.ബി.ഐ. അറസ്റ്റുചെയ്തശേഷം തിരുവനന്തപുരം സി.ബി.ഐ. കോടതിയില്‍ നല്‍കിയ ആദ്യ കുറ്റപത്രമാണ് ഇപ്പോഴുമുള്ളത്. കേസില്‍ തുടരന്വേഷണം നടത്തുകയും രണ്ടുപേരെ സി.ബി.ഐ. അറസ്റ്റുചെയ്യുകയും ചെയ്തിരുന്നു.

arrest

പ്രതീകാത്മക ചിത്രം

2011 ഏപ്രില്‍ പതിനാറിനാണ് വി.ബി. ഉണ്ണിത്താനുനേരേ ശാസ്താംകോട്ടയില്‍ വധശ്രമമുണ്ടായത്. ആദ്യം ലോക്കല്‍ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചശേഷമാണ് കേസ് സി.ബി.ഐ.ക്കു വിട്ടത്. ഡിവൈ.എസ്.പി.മാരായ സന്തോഷ് നായരും അബ്ദുള്‍ റഷീദും ഉള്‍പ്പെടെ എട്ടുപേരെ പ്രതിചേര്‍ത്താണ് സി.ബി.ഐ. ആദ്യകുറ്റപത്രം നല്‍കിയത്.

ആദ്യം സി.ബി.ഐ. ചെന്നൈ യൂണിറ്റാണ് കേസന്വേഷിച്ചത്. ഒട്ടേറെപ്പേര്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം വേണമെന്നും കാട്ടി ഉണ്ണിത്താന്‍ പിന്നീട് തിരുവനന്തപുരം സി.ബി.ഐ. കോടതിയെ സമീപിച്ചു. തുടര്‍ന്ന് തുടരന്വേഷണം സി.ബി.ഐ. തിരുവനന്തപുരം യൂണിറ്റ് ഏറ്റെടുത്തു.

തുടരന്വേഷണത്തില്‍ രണ്ടുപേരെക്കൂടി അറസ്റ്റുചെയ്തു. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഒരു ഡിവൈ.എസ്.പി.യുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കി സര്‍വീസിലെടുത്തിട്ടും സി.ബി.ഐ. എതിര്‍ത്തില്ലെന്ന് ആരോപണമുണ്ട്. ഉണ്ണിത്താനെ ആക്രമിക്കാന്‍ നേതൃത്വം നല്‍കിയെന്നുകരുതുന്ന ഹാപ്പി രാജേഷും പിന്നീട് കൊല്ലപ്പെട്ടു.

ഈ കേസ് ഹൈക്കോടതി സി.ബി.ഐ.ക്കുവിട്ടു. ഇതില്‍ തിരുവനന്തപുരം സി.ബി.ഐ. കോടതിയില്‍ വിചാരണ തുടങ്ങിയിട്ടുണ്ട്. ഈ കേസില്‍ ഒന്നാംപ്രതിയായ കണ്ടെയ്‌നര്‍ സന്തോഷ്, ഉണ്ണിത്താന്‍ വധശ്രമക്കേസില്‍ മാപ്പുസാക്ഷിയാണ്. സി.ബി.ഐ. കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാന്‍ വൈകുന്നതു ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് നിവേദനം നല്‍കുമെന്ന് ഉണ്ണിത്താന്‍ പറയുന്നു.

കോടതി ഉത്തരവ് ലഭിച്ചാലുടന്‍ കുറ്റപത്രം നല്‍കും

ഹൈക്കോടതിയില്‍നിന്നുള്ള ഉത്തരവ് ലഭിച്ചാലുടന്‍ ഉണ്ണിത്താന്‍ വധശ്രമക്കേസില്‍ അന്തിമകുറ്റപത്രം നല്‍കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ സി.ബി.ഐ. ഡിവൈ.എസ്.പി. ജെ. ഡാര്‍വിന്‍. കേസില്‍ മാപ്പുസാക്ഷിയാക്കിയിരുന്ന കണ്ടെയ്‌നര്‍ സന്തോഷ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടേണ്ട ആളാണെന്ന് തുടരന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഇതനുസരിച്ച് ആദ്യകുറ്റപത്രത്തില്‍ മാറ്റംവരുത്താന്‍ 2016 ഫെബ്രുവരിയില്‍ സി.ബി.ഐ. ഹെക്കോടതിയെ സമീപിച്ചു. ഈ തിരുത്തല്‍ ഹര്‍ജിയില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ വാദം പൂര്‍ത്തിയായിട്ടുണ്ട്.

ഈ ഹര്‍ജിയില്‍ ഉടന്‍ ഉത്തരവുവരുമെന്നാണ് പ്രതീക്ഷ. ഉത്തരവ് ലഭിച്ചാലുടന്‍ കേസില്‍ അന്തിമറിപ്പോര്‍ട്ട് നല്‍കാനാവും. മറ്റു നടപടിക്രമങ്ങള്‍ സി.ബി.ഐ. പൂര്‍ത്തിയാക്കിയതായും ഡിവൈ.എസ്.പി. വ്യക്തമാക്കി. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഡിവൈ.എസ്.പി.യുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കിയത് സംസ്ഥാനസര്‍ക്കാരാണെന്നും ഇക്കാര്യത്തില്‍ സി.ബി.ഐ.യുടെ നടപടികള്‍ ക്രമപ്രകാരമാണെന്നും സി.ബി.ഐ. ഉദ്യോഗസ്ഥന്‍ പറഞ്ഞു.