വെമ്പായം: പഠനത്തിൽ മിടുക്കിയായിരുന്ന പ്രിയങ്ക സ്കൂൾകാലത്തുതന്നെ സ്പോർട്സിലും കഴിവുതെളിയിച്ചിരുന്നു. നീന്തലിന്റെ നാടായിരുന്ന വെമ്പായത്ത് പ്രിയങ്കയും ഓളപ്പരപ്പിൽ മികവു തെളിയിച്ചിരുന്നു.

നീന്തലിൽ തിളങ്ങിയതോടൊപ്പംതന്നെ ലുലു ഐ സ്കേറ്റിങ്ങിൽ നാഷണൽ ലെവലിൽ സമ്മാനം നേടാനും കഴിഞ്ഞു.

വെമ്പായം തേക്കട കാരംകോട് കരിക്കകം വിഷ്ണുഭവനിൽ പ്രിയങ്കയുടെ ആത്മഹത്യ ഒരു നാടിന്റെതന്നെ വേദനയാകുകയാണ്.

കായികാധ്യാപികയാവുക എന്ന മോഹത്തിൽ കുറഞ്ഞതൊന്നും പ്രിയങ്ക ആഗ്രഹിച്ചിരുന്നില്ല.

അച്ഛൻ ഗോപാലകൃഷ്ണന്റ മരണശേഷം അമ്മ ജയ വീട്ടുജോലി ചെയ്താണ് മകളെ ബെംഗളൂരുവിലയച്ച് പഠിപ്പിച്ചത്. പഠനം പൂർത്തിയാക്കി അധികനാൾ കഴിയുന്നതിനു മുമ്പുതന്നെ അങ്കമാലി വില്ലേജ് ഓഫ് ഇന്റർനാഷണൽ സ്കൂളിൽ കായികാധ്യാപികയായി ജോലി കിട്ടി.

മികച്ച കായികാധ്യാപികയെന്ന നിലയിൽ മാത്രമല്ല, സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും മുൻപന്തിയിലായിരുന്നു പ്രിയങ്കയെന്ന് സഹപ്രവർത്തകർ പറയുന്നു.

കുറഞ്ഞ കാലത്തിനിടയ്ക്ക് നിരവധി കായികപ്രതിഭകളെയാണ് വിദ്യാലയത്തിൽ പ്രിയങ്ക കണ്ടെത്തിയത്. മകളുടെ അകാലത്തിലെ വേർപാട് താങ്ങാനാകാത്ത വേദനയിലാണ് അമ്മ ജയയും വെമ്പായം എന്ന ഗ്രാമവും.


പ്രിയങ്കയുടെ ആത്മഹത്യ: അന്വേഷണം വേണം- കെ.എം.എസ്.എസ്.

തിരുവനന്തപുരം: വെമ്പായത്ത് ഗാർഹിക പീഡനത്തെത്തുടർന്ന് പ്രിയങ്കയെന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് കേരള മൺപാത്ര നിർമാണ സമുദായസഭ.

ഭർത്താവ് ഉണ്ണി രാജൻ പി. ദേവിന്റെ പീഡനത്തെത്തുടർന്നാണ് പ്രിയങ്കയ്ക്ക് ജീവൻ നഷ്ടമായതെന്നും കുടുംബത്തിന് നീതി ലഭ്യമാക്കാൻ അധികൃതർ ഇടപെടണമെന്നും കെ.എം.എസ്.എസ്. സംസ്ഥാന പ്രസിഡന്റ് സുബാഷ്ബോസ് ആറ്റുകാൽ ആവശ്യപ്പെട്ടു.