സേലം/പാലക്കാട്: ഒരു വർഷത്തിനകം പണം ഇരട്ടിയാക്കിനൽകാമെന്ന് വാഗ്ദാനംചെയ്ത് നിക്ഷേപകരെ വഞ്ചിച്ച കേസിൽ യു.ടി.എസ്. കമ്പനി മാനേജിങ് ഡയറക്ടർ ഗൗതംരമേഷിനെയും സുഹൃത്ത് പ്രവീണിനെയും സേലം കോടതി റിമാൻഡ്ചെയ്തു. കേസന്വേഷണത്തിനായി ഇവരെ കസ്റ്റഡിയിൽ വിട്ടുകിട്ടാനുള്ള ശ്രമത്തിന്റെ ഭാഗമായി കേരള പോലീസ് ഉദ്യോഗസ്ഥർ സേലത്തെത്തി.

കോയമ്പത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന യൂണിവേഴ്സൽ ട്രേഡിങ് സൊലൂഷൻസ് (യു.ടി.എസ്.) കമ്പനി 2,500 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് പ്രാഥമികനിഗമനം. കമ്പനി എം.ഡി. കോയമ്പത്തൂർ വെള്ളലൂർ അടയാർ പാളയം പൊന്നങ്കാണിയിലെ ഗൗതംരമേഷ് (32), സുഹൃത്ത് മേഹന്ദർ അലി തെരുവിലെ പ്രവീൺ (26) എന്നിവരെ തമിഴ്നാട് സെൻട്രൽ ക്രൈംബ്രാഞ്ച് അധികൃതർ കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്. ഇവർ സേലത്ത് ഒളിവിൽക്കഴിയുകയായിരുന്നു

ഗൗതം രമേഷിനെ കോടതിയിൽ ഹാജരാക്കി റിമാൻഡിനയയ്ക്കുംമുമ്പ് മലപ്പുറം കോട്ടയ്ക്കൽ എസ്.െഎ.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രാഥമികമായി ചോദ്യം ചെയ്തതായി സൂചനയുണ്ട്. സേലത്തു മാത്രം ഇയാളുടെപേരിൽ എഴുപതോളം കേസുണ്ട്. ഗൗതംരമേഷിനെ കസ്റ്റഡിയിൽ വിട്ടുകിട്ടാനുള്ള നടപടി സ്വീകരിക്കുമെന്ന് കേസന്വേഷണച്ചുമതലയുള്ള മലപ്പുറം നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി. പി. ഷംസ് പറഞ്ഞു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽമാത്രം 11 കേസുകളിൽ അന്വേഷണം നടക്കുന്നുണ്ട്. ഇതുകൂടാതെ പാലക്കാട്, മലപ്പുറം ജില്ലകളിൽമാത്രം മുപ്പതിലേറെ കേസുണ്ടെന്നാണ് സൂചന.

ഗൗതംരമേഷ് പിടിയിലായതോടെ കൂടുതൽപേർ പരാതിയുമായെത്തുമെന്നാണ് പ്രതീക്ഷ. നേരത്തേ കേരള പോലീസ് സംഘം കോയമ്പത്തൂരിലെ ഗൗതംരമേഷിന്റെ ഓഫീസിലെത്തി ഹാജരാവാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും ഇയാൾ പ്രതികരിച്ചിരുന്നില്ല.

പ്രതിക്ക് കോവിഡ്; സേലത്ത് രണ്ട് പോലീസ് സ്റ്റേഷൻ അടച്ചു

യു.ടി.എസ്. തട്ടിപ്പുകേസിൽ അറസ്റ്റിലായ പ്രവീണിന് കോവിഡ് സ്ഥിരീകരിച്ചു. ഇയാളെ സേലം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രവീണിനെ ചോദ്യം ചെയ്ത സേലം ടൗൺ ക്രൈം പോലീസ് സ്റ്റേഷൻ, ടൗൺ പോലീസ് സ്റ്റേഷൻ എന്നിവ പൂട്ടി. സ്റ്റേഷനുകൾ അണുവിമുക്തമാക്കിയ ശേഷം രണ്ടുദിവസം കഴിഞ്ഞ് തുറക്കും.

ശനിയാഴ്ചയാണ് പ്രവീണിനെയും ഗൗതംരമേഷിനെയും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയത്. ഇതിൽ ഗൗതംരമേഷിന്റെ പരിശോധനാഫലം നെഗറ്റീവാണ്.

Content Highlights:universal trading solutions uts money fraud case