ഭോപ്പാല്‍: ചട്ണിക്ക് രുചിയില്ലാത്തതിന്റെ പേരില്‍ ചായക്കടക്കാരന്‍ ഭാര്യയെ അടിച്ചുകൊന്നു. മധ്യപ്രദേശിലെ ദതിയ സ്വദേശിയായ ആനന്ദ് ഗുപ്തയാണ് ഭാര്യ പ്രീതിയെ കൊലപ്പെടുത്തിയത്. കൃത്യം നടത്തിയതിന് ശേഷം ഇയാള്‍ ഒളിവില്‍പോയിരിക്കുകയാണ്. 

ഞായറാഴ്ചയാണ് ദാരുണമായ സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ട്. ഹൈവയില്‍ ചായക്കട നടത്തുന്നയാളാണ് ആനന്ദ് ഗുപ്ത. വീട്ടിലുണ്ടാക്കുന്ന പലഹാരങ്ങളും ഇവിടെ വില്‍പ്പന നടത്തിയിരുന്നു. കഴിഞ്ഞദിവസം ഇയാള്‍ ഭാര്യയോട് സമോസ ഉള്‍പ്പെടെയുള്ള പലഹാരങ്ങളും ചട്ണിയും ഉണ്ടാക്കാന്‍ ആവശ്യപ്പെട്ടു. പ്രീതി ഇതനുസരിച്ച് എല്ലാം തയ്യാറാക്കി. എന്നാല്‍ ചട്ണിക്ക് രുചിയില്ലെന്നായിരുന്നു ഗുപ്തയുടെ അഭിപ്രായം. ഈ ചട്ണി വിളമ്പിയാല്‍ കടയിലേക്ക് ആളുകള്‍ വരില്ലെന്നും പറഞ്ഞു. ഇതോടെ ദമ്പതിമാര്‍ തമ്മില്‍ വഴക്കിടുകയും ഗുപ്ത ഭാര്യയെ മര്‍ദിക്കുകയുമായിരുന്നു. 

സംഭവസമയം ഇവരുടെ മക്കള്‍ ചായക്കടയിലായിരുന്നു. ഗുപ്തയുടെ മാതാവ് മര്‍ദനം തടയാന്‍ ശ്രമിച്ചെങ്കിലും പ്രതി ഇവരെ ഭീഷണിപ്പെടുത്തി. ഒടുവില്‍ ക്രൂരമായ മര്‍ദനത്തിനൊടുവില്‍ പ്രീതി മരിക്കുകയായിരുന്നു. 

നാട്ടുകാരാണ് കൊലപാതകവിവരം ആദ്യം പോലീസ് കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചത്. തുടര്‍ന്ന് പോലീസ് സ്ഥലത്ത് എത്തിയെങ്കിലും രക്തത്തില്‍ കുളിച്ചുകിടക്കുന്ന പ്രീതിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. കൃത്യം നടത്തിയ ശേഷം പ്രതി വീട്ടില്‍നിന്ന് ഓടിരക്ഷപ്പെട്ടതായും പോലീസ് പറഞ്ഞു. 

Content Highlights: unhappy with bland chutney madhya pradesh man killed his wife