തിരുവനന്തപുരം: ചാക്കയിൽ യുവാവിനെ വീടിനുള്ളിൽ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയത് പോലീസിന് ഒറ്റിക്കൊടുത്തതിലുള്ള പക. കൊല്ലപ്പെട്ട സമ്പത്തിനെ അതിക്രൂരമായാണ് കൊലപ്പെടുത്തിയത്. മുഖം തിരിച്ചറിയാനാവാത്ത വിധത്തിൽ കുത്തുകളേറ്റിട്ടുണ്ട്. ശരീരമാകെ കത്തി ഉപയോഗിച്ച് കുത്തിമുറിച്ചിട്ടുണ്ട്. ആക്രമണത്തിനിടെ വീടിനു മുന്നിലത്തെ മുറിയിൽനിന്ന് ഓടിരക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ പ്രതികളായ രണ്ടുപേരും പിന്തുടർന്ന് കുത്തിവീഴ്ത്തുകയായിരുന്നു. ശരീരത്തിൽ അറുപതോളം മുറിവുകളുണ്ട്. സമ്പത്തിന്റെ സുഹൃത്തുക്കളാണ് പ്രതികൾ. രണ്ട് സംഘങ്ങൾ തമ്മിൽ ലഹരിവിൽപ്പന സംബന്ധിച്ച തർക്കങ്ങൾ ഒടുവിൽ കൊലപാതകത്തിലേക്ക് എത്തിച്ചതാണെന്നതാണ് പ്രാഥമിക നിഗമനം

മൂന്നുപേരും ലഹരിക്കടത്ത് സംഘങ്ങളിലെ അംഗങ്ങളാണെന്നാണ് പോലീസ് സംശയിക്കുന്നത്. പ്രതികളിൽ സനൽ മുഹമ്മദ് നേരത്തെയും കഞ്ചാവുകേസുകളിൽ പെട്ടിട്ടുണ്ട്. പ്രതികളിൽ രണ്ടുപേർക്കും പുതുക്കുറിച്ചി കേന്ദ്രീകരിച്ചുള്ള കഞ്ചാവുസംഘവുമായി ബന്ധമുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കഴക്കൂട്ടം മുതൽ ആറ്റിങ്ങൽ വരെയുള്ള പ്രദേശങ്ങളിലെ ലഹരിവിൽപ്പനയുമായാണ് ഇവർക്ക് ബന്ധമുള്ളത്. സമ്പത്തിന് ശ്രീകാര്യം, കവടിയാർ കേന്ദ്രീകരിച്ചുള്ള സംഘങ്ങളുമായി ബന്ധമുണ്ടെന്നാണ് എക്സൈസിന്റെ സംശയം.

ടെക്നോനഗരമായ കഴക്കൂട്ടം കേന്ദ്രീകരിച്ചുള്ള കച്ചവടം ഇരുസംഘങ്ങൾക്കുമുണ്ടായിരുന്നു. ഇതു സംബന്ധിച്ച തർക്കങ്ങളുടെ തുടർച്ചയാണ് കൊലപാതകമെന്നും സംശയിക്കുന്നുണ്ട്. ആറ്റിങ്ങലിലെ വെയർഹൗസ് പൊളിച്ച് മദ്യം കടത്തിയ കേസിലും പുതുക്കുറിച്ചി സംഘത്തിലെ ചിലർ പിടിയിലായിരുന്നു. ഇതാവാം ഒടുവിലത്തെ ആക്രമണത്തിലേക്ക് എത്തിച്ചതെന്നും സംശയമുണ്ട്. ഇവരുടെ പേരിലുള്ള കേസുകൾ പോലീസ് പരിശോധിച്ചു വരുകയാണ്. കൈക്ക് പരിക്കേറ്റ് കസ്റ്റഡിയിലുള്ള സനൽ മുഹമ്മദ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളെ പോലീസിനു ചോദ്യം ചെയ്യാനായിട്ടില്ല.

കാട്ടാക്കടയിൽ 403 കിലോ കഞ്ചാവുപിടിച്ച സംഭവം, ബാലരാമപുരത്തെ 250 കിലോ കഞ്ചാവുവേട്ട, ആക്കുളത്തെ 252 കിലോ കഞ്ചാവുപിടിച്ച സംഭവം എന്നിവയിലെ പ്രതികൾക്ക് ഓൺലൈൻ വഴി പണം അയച്ച സമ്പത്ത് എന്നയാളിനെ ഏക്സൈസ് നിരീക്ഷിച്ചുവരുകയായിരുന്നു. യൂബറിന്റെ ലൈസൻസ് ഉണ്ടെങ്കിലും ഇതുപയോഗിച്ച് ഇയാൾ കഞ്ചാവും ലഹരിയും കടത്തിയിരുന്നുവെന്നും പോലീസ് സംശയിക്കുന്നുണ്ട്. എന്നാൽ സമ്പത്തിനെതിരേ ഇതുവരെ കേസൊന്നും രജിസ്റ്റർ ചെയ്തിട്ടില്ല.

ലോക്ഡൗൺ കടന്നതോടെ കഞ്ചാവുസംഘങ്ങൾ തലപൊക്കുന്നു

തിരുവനന്തപുരം: ലോക്ഡൗൺ പിൻവലിച്ചതോടെ കഞ്ചാവുസംഘങ്ങൾ വീണ്ടും തലപൊക്കിയത് പോലീസിനെ വലയ്ക്കുന്നു. കഴിഞ്ഞ ദിവസം രാത്രി നഗരത്തിൽ രണ്ടിടത്താണ് ലഹരിസംഘങ്ങളുടെ അതിക്രമങ്ങൾ നടന്നത്. ചാക്കയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തുകയും പേട്ടയിൽ ദമ്പതികൾക്കു നേരേ അതിക്രമമുണ്ടാവുകയും ചെയ്തു.

ലോക്ഡൗൺ കാലത്തും മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള കഞ്ചാവുകടത്ത് സജീവമായി തുടരുന്നുണ്ടായിരുന്നു. തമിഴ്നാട്ടിൽനിന്നു പച്ചക്കറിയും മറ്റ് അവശ്യസാധനങ്ങളും കൊണ്ടുവരുന്ന ലോറികളിലാണ് കഞ്ചാവു കൊണ്ടുവരുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടയിൽ 663 കിലോ കഞ്ചാവാണ് എക്സൈസ് മാത്രം പിടികൂടിയത്. രണ്ടാഴ്ച മുൻപ് സമ്പൂർണ ലോക്ഡൗൺ ദിനത്തിലും ആറ്റുകാലിൽ ലഹരിസംഘങ്ങളുടെ ആക്രമണം ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം നഗരത്തിൽനിന്ന് 110 കിലോ കഞ്ചാവും പിടികൂടിയിരുന്നു.

ആന്ധ്രയിൽനിന്ന് തമിഴ്നാട് വഴി കടത്തിക്കൊണ്ടുവരുന്ന കഞ്ചാവ് ദേശീയ പാതയിൽ വെച്ച് അതത് പ്രദേശങ്ങളിലെ സംഘങ്ങൾക്ക് കൈമാറും. ഇവർ തമ്മിലുള്ള കുടിപ്പകയാണ് പലപ്പോഴും എക്സൈസിനും പോലീസിനും ഇതു സംബന്ധിച്ച വിവരം ലഭിക്കാൻ കാരണം. സ്വന്തം പ്രദേശങ്ങളിലേക്കു കടന്ന് കഞ്ചാവ് കച്ചവടം നടത്തുന്നതാണ് പ്രധാനമായും ശത്രുതയ്ക്കു കാരണം.

കഞ്ചാവു ചില്ലറവിൽപ്പനക്കാരുടെ ആക്രമണങ്ങളാണ് സാധാരണ ജനങ്ങളെ വലയ്ക്കുന്നത്. ആറ്റുകാലിലും കഴിഞ്ഞ ദിവസം പേട്ടയിലുമെല്ലാം ഉണ്ടായത് ഇത്തരം ആക്രമണങ്ങളാണ്.