വാഷിങ്ടണ്‍: മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെട്ടതിന് യൂബര്‍ ഡ്രൈവര്‍ക്ക് നേരേ യാത്രക്കാരുടെ അതിക്രമം. യു.എസിലെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ യൂബര്‍ ടാക്‌സി ഡ്രൈവറായ നേപ്പാള്‍ സ്വദേശി സുഭാകറിന് നേരേയാണ് അതിക്രമം അരങ്ങേറിയത്. യാത്രക്കായി ടാക്‌സി ബുക്ക് ചെയ്ത് വാഹനത്തില്‍ കയറിയ മൂന്ന് യുവതികള്‍ സുഭാകറിനോട് മോശമായി പെരുമാറുകയും അസഭ്യം പറയുകയുമായിരുന്നു. ഇദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചുപറിക്കാന്‍ ശ്രമിച്ച യുവതികളിലൊരാള്‍ മാസ്‌ക് വലിച്ചൂരുകയും ചെയ്തു. 

യു.എസിലെ മാധ്യമപ്രവര്‍ത്തകയായ ഡിയോണ്‍ ലിം ആണ് സുഭാകറിന് നേരേ നടന്ന അതിക്രമത്തിന്റെ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ നിരവധിപേരാണ് സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തിയത്. യാത്രക്കാരിലൊരാളോട് മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെട്ടതിനാണ് സുഭാകറിനോട് ഇത്തരത്തില്‍ പെരുമാറിയതെന്നും കാറില്‍ കുരുമുളക് സ്‌പ്രേ ചെയ്താണ് യുവതികള്‍ പോയതെന്നും സംഭവത്തിന് ശേഷം ഏതാനുംദിവസങ്ങള്‍ അദ്ദേഹത്തിന് ജോലിക്ക് പോകാനായില്ലെന്നും ഡിയോണ്‍ പറഞ്ഞു.

വീഡിയോ വൈറലായതോടെ യൂബര്‍ അധികൃതരും വിഷയത്തില്‍ ഇടപെട്ടു. വീഡിയോയിലുള്ളവരുടെ പെരുമാറ്റം ഭീകരമാണെന്നും ഇവരെ ഇനി യൂബറില്‍ യാത്രചെയ്യാന്‍ അനുവദിക്കില്ലെന്നും യൂബര്‍ വക്താവ് വ്യക്തമാക്കി. അതിനിടെ, കാറില്‍ കുരുമുളക് സ്‌പ്രേ ചെയ്തതിനാല്‍ കാര്‍ വൃത്തിയാക്കാനായി സുഭാകറിന് യൂബര്‍ വെറും 20 ഡോളറാണ് നല്‍കിയതെന്ന വിവരവും വിവാദത്തിനിടയാക്കി. പിന്നീട് യൂബര്‍ 120 ഡോളര്‍ നല്‍കിയെങ്കിലും ഗോഫണ്ട് മീ പേജിലൂടെ സുഭാകറിന് സഹായം നല്‍കാന്‍ മറ്റുള്ളവരും രംഗത്തെത്തി.

ഗോഫണ്ട് മീയിലൂടെ 27,319 ഡോളറാണ് (ഏകദേശം 19.9 ലക്ഷം രൂപ) നേപ്പാള്‍ സ്വദേശിക്ക് വേണ്ടി സമാഹരിച്ചത്. ഈ പണം നേപ്പാളിലുള്ള ഭാര്യയ്ക്കും എട്ട് വയസ്സുള്ള മകള്‍ക്കും അയച്ചുനല്‍കുമെന്ന് സുഭാകര്‍ പറഞ്ഞു. എല്ലാവരെയും ബഹുമാനിക്കുക എന്നതാണ് തങ്ങളുടെ സംസ്‌കാരമെന്നും അതിനാലാണ് ആ ഘട്ടത്തിലും അങ്ങനെ പെരുമാറാന്‍ കഴിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. താന്‍ ഏഷ്യക്കാരനായതിനാലാണ് യാത്രക്കാര്‍ ഇത്തരത്തില്‍ പെരുമാറിയതെന്നും സുഭാകര്‍ പറഞ്ഞു. കഴിഞ്ഞ എട്ട് വര്‍ഷമായി സുഭാകര്‍ യു.എസിലാണ് ജോലിചെയ്യുന്നത്.

അതിനിടെ, വീഡിയോയിലെ യാത്രക്കാരിയും വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തി. തന്റെ കൈയില്‍ ഒരു തോക്ക് ഉണ്ടായിരുന്നെങ്കില്‍ അയാളെ വെടിവെക്കുമെന്നായിരുന്നു യുവതിയുടെ പ്രതികരണം. സംഭവത്തില്‍ യൂബറിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നും മാപ്പ് പറയില്ലെന്നും യുവതി വ്യക്തമാക്കി. 

Content Highlights: uber driver assaulted by three women in usa video goes viral