ലഖ്നൗ: മിറാഷ് യുദ്ധ വിമാനത്തിന്റെ ടയറുകളില്‍ ഒന്ന് മോഷണം പോയി. ജോധ്പുറിലെ വ്യോമസേന താവളത്തിലേക്ക് അയക്കുന്നതിനായി ലഖ്നൗ ബക്ഷി തലാബ് എയര്‍ ബെയ്സില്‍ നിന്ന് ട്രക്കില്‍ സൈനിക ഉപകരണങ്ങള്‍ കയറ്റി അയച്ചിരുന്നു. ഈ ട്രക്കില്‍ നിന്നാണ് വിമാനത്തിന്റെ ടയറുകളില്‍ ഒന്ന് നഷ്ടമായത്. നവംബര്‍ 27ന് രാത്രിയാണ് ലഖ്നൗവില്‍വച്ച് മോഷണം നടന്നത്. 

സ്‌കോര്‍പ്പിയോ വാഹനത്തില്‍ എത്തിയ സംഘമാണ് മോഷണം നടത്തിയത്. ഇവരെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. ലഖ്‌നൗവില്‍വച്ച് വാഹനം ഗതാഗതക്കുരുക്കില്‍ പെട്ടപ്പോഴാണ് മോഷണം നടന്നത്. ഡ്രൈവര്‍ പുറത്തേക്ക് വന്നെങ്കിലും അപ്പോഴേക്കും സംഘം രക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി. രാത്രി 12.30നും ഒരു മണിക്കും ഇടയിലാണ് മോഷണം നടന്നതെന്ന് ട്രക്ക് ഡ്രൈവര്‍ പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. 

കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം പുരോഗമിക്കുകയാണെന്ന് ഡിസിപി അമിത് കുമാര്‍ അറിയിച്ചു. മിറാഷ് വിമാനത്തിന്റെ അഞ്ച് ടയറുകളാണ് ട്രക്കിലുണ്ടായിരുന്നത്. ഇതില്‍ ഒന്നാണ് മോഷണം പോയതെന്നും ഡി.സി.പി പറഞ്ഞു. കുറ്റവാളികളെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടുചെയ്തു.

Content Highlights: Tyre of mirage fighter plane stolen in Lucknow