ജബൽപുർ: യുവതിയുമായുള്ള സൗഹൃദത്തിന്റെ പേരിൽ രണ്ട് യുവാക്കൾക്ക് ക്രൂരമർദനം. യുവതിയുടെ പിതാവ് ഉൾപ്പെടെയുള്ളവരാണ് യുവാക്കളെ മർദിച്ചത്. ഇവരുടെ തല പാതി മുണ്ഡനം ചെയ്യുകയും ചെരിപ്പുമാല അണിയിക്കുകയും ചെയ്തു. മധ്യപ്രദേശിലെ ജബൽപുരിലായിരുന്നു സംഭവം.

ദളിത് വിഭാഗത്തിൽപ്പെട്ട രാജ്കുമാർ ദെഹാരിയ(20)യും ഇയാളുടെ സുഹൃത്തുമാണ് മർദനത്തിനിരയായത്. മെയ് 22-നായിരുന്നു ഇരുവരെയും വീട്ടിലേക്ക് വിളിച്ചുവരുത്തി യുവതിയുടെ ബന്ധുക്കൾ മർദിച്ചത്. സംഭവത്തിൽ മെയ് 27-ാം തീയതിയാണ് രാജ്കുമാർ പോലീസിൽ പരാതി നൽകിയത്. തുടർന്ന് യുവതിയുടെ പിതാവ് ഉൾപ്പെടെ നാല് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

ഇതരജാതിയിൽപ്പെട്ട പ്രദേശത്തെ ഉന്നതകുടുംബത്തിലുള്ള
യുവതിയുമായി രാജ്കുമാർ സൗഹൃദം പുലർത്തിയതും യുവതിക്ക് മൊബൈൽ ഫോൺ നൽകിയതുമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് നൽകുന്നവിവരം. 19-കാരിയുമായി രാജ്കുമാറിന് നേരത്തെ സൗഹൃദമുണ്ടായിരുന്നു. ഇതിനിടെ തനിക്ക് വീട്ടിൽനിന്ന് പുറത്തിറങ്ങാൻ അനുവാദമില്ലെന്നും ആരോടെങ്കിലും സംസാരിക്കാൻ മൊബൈൽ ഫോൺ ഇല്ലെന്നും യുവതി രാജ്കുമാറിനെ അറിയിച്ചു. തുടർന്ന് യുവാവ് തന്റെ സുഹൃത്തിന്റെ മൊബൈൽ ഫോൺ കടംവാങ്ങി യുവതിക്ക് നൽകി. ഇത് യുവതിയുടെ പിതാവ് കണ്ടെത്തിയതാണ് പ്രശ്നങ്ങൾക്ക് കാരണമായത്.

ഫോൺ നൽകിയത് രാജ്കുമാറാണെന്ന് കണ്ടെത്തിയതോടെ ഇയാളെയും സുഹൃത്തിനെയും യുവതിയുടെ വീട്ടിലേക്ക് വിളിച്ചുവരുത്തി. തുടർന്ന് പിതാവും മറ്റുബന്ധുക്കളും ചേർന്ന് ഇരുവരെയും ക്രൂരമായി മർദിച്ചു. തല പാതി മുണ്ഡനം ചെയ്യുകയും ചെരിപ്പുമാല അണിയിക്കുകയും ചെയ്തു. പോലീസിൽ പരാതി നൽകിയാൽ കുടുംബാംഗങ്ങളെ ഉൾപ്പെടെ ഉപദ്രവിക്കുമെന്നും ഭീഷണിപ്പെടുത്തി.

മർദനം നേരിട്ട് അഞ്ച് ദിവസങ്ങൾക്ക് ശേഷമാണ് യുവാക്കൾ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. വിവരമറിഞ്ഞ ഉടൻ സംഭവത്തിൽ നടപടി സ്വീകരിച്ചെന്നും പ്രതികളെ അറസ്റ്റ് ചെയ്തെന്നും പോലീസ് പറഞ്ഞു. പ്രതികൾ നിലവിൽ റിമാൻഡിലാണ്.

Content Highlights:two youths brutally attacked by a womans family in jabalpur