തൃശ്ശൂർ: നടത്തറ ദേശീയപാതയിൽ അതിമാരക മയക്കുമരുന്നുകളുമായി രണ്ട് യുവാക്കളെ എക്സൈസ് സംഘം പിടികൂടി. എറണാകുളം പൂണിത്തുറ സ്വദേശികളായ സൗരവ് (22) അലൻ (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരിൽനിന്ന് ഒന്നര ലക്ഷം രൂപ വിലവിരുന്ന എൽ.എസ്.ഡി. സ്റ്റാമ്പുകളും എം.ഡി.എം.എ. ഗുളികകളും പിടിച്ചെടുത്തു.
ആഡംബര ബൈക്കിൽ സഞ്ചരിച്ചിരുന്ന പ്രതികൾ ഹെൽമറ്റിനുള്ളിലും ശരീരഭാഗങ്ങളിലുമായാണ് മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്. ഇവർക്ക് കൊച്ചി കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടോ എന്നത് അന്വേഷിച്ചുവരികയാണ്. ആഡംബര ബൈക്കുകളിൽ പെൺകുട്ടികളെയും കൂട്ടിയാണ് സാധാരണ മയക്കുമരുന്ന് കടത്താറുള്ളതെന്നാണ് പ്രതികൾ നൽകിയ മൊഴി. ഹെൽമെറ്റും ഒപ്പം പെൺകുട്ടിയുമുണ്ടെങ്കിൽ പോലീസിന്റെ പരിശോധനയിൽനിന്ന് രക്ഷപ്പെടാമെന്നും പ്രതികൾ പറഞ്ഞു. ഇവരെ വിശദമായി ചോദ്യംചെയ്തതോടെ മയക്കുമരുന്ന് എത്തിക്കുന്നവരെക്കുറിച്ചും എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്.
ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ കെ.പ്രദീപ് കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് ഇൻസ്പെക്ടർ ടി.ആർ.ഹരിനന്ദനൻ, ശിവശങ്കരൻ, സതീഷ് കുമാർ, സജീവ്, കൃഷ്ണപ്രസാദ്, സുനിൽ, ഷാജു, സനീഷ്, ബിസിൻ ചാക്കോ, ജെയ്സൻ, രാജു, വിനോജ്, മനോജ്, അരുണ, നിവ്യ ജോർജ്ജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
Content Highlights:two youths arrested with lsd stamps and mdma drugs in thrissur