ചെന്നൈ: ഒരേ പെണ്‍കുട്ടിയെ രണ്ടുപേര്‍ പ്രണയിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ മധ്യസ്ഥത വഹിക്കാനെത്തിയ രണ്ട് ഗുണ്ടാനേതാക്കളെ കാമുകന്മാരിലൊരാളും സുഹൃത്തുക്കളും ചേര്‍ന്ന് മര്‍ദിച്ചുകൊന്നു. തിരുവള്ളൂരില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം. പൊന്നേരി വെമ്പാക്കത്ത് താമസിക്കുന്ന ഗുണ്ടാനേതാക്കളായ സുധാകര്‍ (26), വീര (24) എന്നിവരാണ് മരിച്ചത്. ഇരുവര്‍ക്കുമെതിരേ ഒട്ടേറെ പോലീസ് കേസുകള്‍ നിലവിലുണ്ട്. 

ഇവരെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് പൊന്നേരിക്കടുത്ത് ആലാട് ഗ്രാമത്തിലെ ജയപ്രകാശ് (23), ദീപന്‍ (22), രഞ്ജിത്ത് (22), സുഗന്‍ (22), സാമുവേല്‍ (22), ഹരീഷ് കുമാര്‍ (22) എന്നിവരെ പോലീസ് അറസ്റ്റുചെയ്തു. പൊന്നേരിയില്‍ത്തന്നെയുള്ള ഗൗതം എന്ന യുവാവും ജയപ്രകാശും പ്രണയിച്ചിരുന്നത് ഒരേ പെണ്‍കുട്ടിയെയായിരുന്നു. ഇതുസംബന്ധിച്ച് ഇരുവരും തമ്മില്‍ വഴക്കിടുന്നത് പതിവായിരുന്നു.

ഇതിനിടയില്‍ ഗൗതം ആവശ്യപ്പെട്ടതു പ്രകാരമാണ് സുധാകറും വീരയും മധ്യസ്ഥത വഹിക്കാനെത്തിയത്. ജയപ്രകാശിനെകണ്ട് സംസാരിക്കുന്നതിനായി ഇരുവരും ആലാട് എത്തി. ഈസമയം ഗൗതം എത്തിയിരുന്നില്ല. ജയപ്രകാശുമായി സംസാരിച്ചു തുടങ്ങിയപ്പോള്‍ത്തന്നെ അത് വാക്കേറ്റത്തില്‍ കലാശിച്ചു.

ഇത് കൈയാങ്കളിയായതോടെ ജയപ്രകാശിന്റെ സുഹൃത്തുക്കള്‍ ഓടിയെത്തി സുധാകറെയും വീരയെയും ആക്രമിക്കുകയായിരുന്നു. മര്‍ദനത്തിലും കല്ലുകൊണ്ടുള്ള ആക്രമണത്തിലും ഇരുവരും സ്ഥലത്തുതന്നെ മരണപ്പെട്ടു.

ഇവര്‍ മരിച്ചെന്നറിഞ്ഞതോടെ ജയപ്രകാശും സംഘവും രക്ഷപ്പെട്ടു. പിന്നീട് അവിടെയെത്തിയ ഗൗതമാണ് മൃതശരീരങ്ങള്‍ കണ്ട് പോലീസിനെ വിവരമറിയിച്ചത്.

Content Highlights: two youth loves one girl; two goonda leaders killed while mediation talks in tamil nadu