കോട്ടയം: വൈക്കത്ത് ആറ്റില്‍ ചാടിയ രണ്ട് യുവതികളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. തിങ്കളാഴ്ച രാവിലെ പാണാവള്ളി ഊടുപുഴ ഭാഗത്തുനിന്നാണ് ഒരു യുവതിയുടെ മൃതദേഹം കണ്ടെടുത്തത്. പിന്നാലെ പെരുമ്പളം ദ്വീപിന് സമീപത്തുനിന്ന് രണ്ടാമത്തെ യുവതിയുടെയും മൃതദേഹവും കണ്ടെത്തി. 

ശനിയാഴ്ച രാത്രിയാണ് വൈക്കം മുറിഞ്ഞപ്പുഴ പാലത്തില്‍നിന്ന് രണ്ട് യുവതികള്‍ മൂവാറ്റുപുഴ ആറിലേക്ക് ചാടിയതായി സമീപവാസികള്‍ പോലീസിനെ വിവരമറിയിച്ചത്. തുടര്‍ന്ന് ശനിയാഴ്ച രാത്രിയും ഞായറാഴ്ച പകലും മുങ്ങല്‍ വിദഗ്ധരടക്കം തിരച്ചില്‍ നടത്തിയിട്ടും ആരെയും കണ്ടെത്താനായിരുന്നില്ല. ഇതിനിടെ മുറിഞ്ഞപ്പുഴ പാലത്തില്‍നിന്ന് യുവതികളിലൊരാളുടെ ചെരിപ്പും തൂവാലയും പോലീസ് കണ്ടെടുത്തിരുന്നു. 

കൊല്ലം ചടയമംഗലത്തുനിന്ന് നവംബര്‍ 13-ന് കാണാതായ രണ്ട് യുവതികളാണ് ആറ്റില്‍ ചാടിയതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. പാലത്തില്‍നിന്ന് കണ്ടെടുത്ത ചെരിപ്പ് ഈ യുവതികളില്‍ ഒരാളുടേതാണെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞിരുന്നു. വിവരമറിഞ്ഞ് യുവതികളുടെ ബന്ധുക്കളും ചടയമംഗലം പോലീസും വൈക്കത്ത് എത്തിയിട്ടുണ്ട്. 

Content Highlights: two women jumped into river in vaikkom dead bodies found on monday