കോട്ടയം:  വൈക്കത്ത് മൂവാറ്റുപുഴ ആറിലേക്ക് ചാടിയവര്‍ക്കായി തിരച്ചില്‍ തുടരുന്നു. കഴിഞ്ഞദിവസം താല്‍ക്കാലികമായി നിര്‍ത്തിവെച്ച തിരച്ചിലാണ് ഞായറാഴ്ച രാവിലെ പുനഃരാരംഭിച്ചത്. ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് രണ്ട് യുവതികള്‍ മുറിഞ്ഞപ്പുഴ പാലത്തില്‍നിന്ന് ആറ്റിലേക്ക് ചാടിയത്. 

പാലത്തിന് സമീപം താമസിക്കുന്നവരാണ് യുവതികള്‍ ആറ്റില്‍ ചാടിയെന്ന വിവരം പോലീസിനെ അറിയിച്ചത്. തുടര്‍ന്ന് പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയെങ്കിലും വെളിച്ചക്കുറവ് കാരണം രാത്രി വൈകി തിരച്ചില്‍ നിര്‍ത്തിവെച്ചു. ഞായറാഴ്ച രാവിലെ മുങ്ങല്‍ വിദഗ്ധരുടെയും മറ്റ് സംവിധാനങ്ങളുടെയും സഹായത്തോടെയാണ് വീണ്ടും തിരച്ചില്‍ ആരംഭിച്ചത്. 

കഴിഞ്ഞദിവസം കൊല്ലം ചടയമംഗലത്ത് നിന്ന് കാണാതായ യുവതികളാണ് ആറ്റില്‍ ചാടിയതെന്നാണ് സംശയം. പാലത്തിന് സമീപത്തുനിന്ന് ഇവരുടെ തൂവാലയും ചെരിപ്പും പോലീസ് കണ്ടെടുത്തിരുന്നു. 

Content Highlights: two woman jumped into muvattupuzha river in vaikkom