ഹൈദരാബാദ്: വസ്ത്രശാലയിലെ ട്രയല്‍ റൂമില്‍ യുവതിയുടെ സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍. ഹൈദരാബാദ് കല്ല്യാണ്‍നഗര്‍ അമൂല്യ റെസിഡന്‍സിയിലെ കീര്‍ത്തി ആസാദ് (24) വെങ്കല്‍റാവു നഗറിലെ കെ. ഗൗരവ് കല്ല്യാണ്‍ (19) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും വിദ്യാര്‍ഥികളാണെന്ന് പോലീസ് പറഞ്ഞു. 

ജൂബിലി ഹില്‍സിലെ ഒരു വസ്ത്രശാലയില്‍ കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. ദീപാവലി ഷോപ്പിങ്ങിനായി കുടുംബത്തോടൊപ്പമാണ് യുവതി വസ്ത്രശാലയില്‍ എത്തിയത്. തുടര്‍ന്ന് ട്രയല്‍ റൂമില്‍ കയറി വസ്ത്രം മാറുന്നതിനിടെയാണ് തൊട്ടടുത്ത ട്രയല്‍ റൂമില്‍നിന്ന് വിടവിലൂടെ മൊബൈല്‍ഫോണില്‍ ദൃശ്യം പകര്‍ത്തുന്നത് ശ്രദ്ധിച്ചത്. ഇതോടെ യുവതി ബന്ധുക്കളെ അറിയിക്കുകയും ജീവനക്കാരുടെ സഹായത്തോടെ പ്രതികളെ കൈയോടെ പിടികൂടുകയുമായിരുന്നു. 

പ്രതികളിലൊരാള്‍ മൊബൈലില്‍ ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ മറ്റൊരാള്‍ ഒളിഞ്ഞുനോക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ വസ്ത്രശാലയിലെ മാനേജരായ അമന്‍ സൂരി എന്നയാള്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. സ്ഥാപനത്തില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്താത്തതിനും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വെവ്വേറെ ട്രയല്‍ റൂമുകള്‍ സജ്ജീകരിക്കാത്തതിനുമാണ് കേസ്. ഇയാളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു.