ചേര്‍ത്തല: നഗരത്തില്‍നിന്ന് കാണാതായ രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥിനികളെ മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടെത്തി. ചേര്‍ത്തലയ്ക്ക് സമീപം കുറുപ്പന്‍കുളങ്ങരയില്‍നിന്നാണ് പെണ്‍കുട്ടികളെ കണ്ടെത്തിയത്. പെണ്‍കുട്ടികളെ തിരിച്ചറിഞ്ഞ ഒരു വീട്ടമ്മ വിവരം പോലീസില്‍ അറിയിച്ചതോടെയാണ് രണ്ടരമണിക്കൂര്‍ നീണ്ട ആശങ്കകള്‍ക്ക് വിരാമമായത്. 

തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെയാണ് നഗരത്തിലെ സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ രണ്ട് വിദ്യാര്‍ഥിനികളെ കാണാതായത്. 

ക്ലാസില്‍ കുട്ടികള്‍ തമ്മിലുള്ള ചെറിയവഴക്കിന്റെ പേരിലാണ് സ്‌കൂള്‍ വിട്ടപ്പോള്‍ ഇരുവരും കുറുമ്പുകാട്ടി കടന്നത്.സഹപാഠികളോടു വിട പറഞ്ഞു പോയപ്പോഴാണ് ഇവരുടെ നീക്കങ്ങളില്‍ സംശയിച്ച കുട്ടികള്‍ അധ്യാപകരെ അറിയിച്ചത്. തുടര്‍ന്നു പരിശോധിച്ചപ്പോള്‍ ഒരാളുടെ സൈക്കിള്‍ സ്‌കൂളില്‍ തന്നെ നിര്‍ത്തിയിട്ടതായി കണ്ടു. മറ്റൊരാള്‍ കയറേണ്ട ഓട്ടോയിലും എത്തിയില്ല.

ഇതോടെ കുട്ടികളെ കാണാതായെന്ന വാര്‍ത്ത പരന്നു. കഴിഞ്ഞ ദിവസം നൊമ്പരമായ ദേവനന്ദയുടെ മുഖമായിരുന്നു എല്ലാവരിലും. വിഷയം പോലീസിലെത്തുമ്പോഴേക്കും പഴുതുകളടച്ച് തിരച്ചില്‍. പോലീസും സ്‌കൂള്‍ അധികൃതരും നാട്ടുകാരും സംശയമുള്ള സ്ഥലങ്ങളിലെല്ലാം പെണ്‍കുട്ടികളെ തിരഞ്ഞു.റെയില്‍വേ സ്റ്റേഷനും ബസ് സ്റ്റാന്‍ഡും നഗരത്തിലെ മറ്റിടങ്ങളുമെല്ലാം പൂര്‍ണ നിരീക്ഷണത്തിലായി. ഒടുവില്‍ രണ്ടര മണിക്കൂറിനു ശേഷം നാലു കിലോമീറ്റര്‍ അകലെ കുറുപ്പന്‍കുളങ്ങരയിലാണ് ഇരുവരെയും കണ്ടെത്തിയത്.

ഇവരുടെ ഫോട്ടോ പോലീസ് സമൂഹമാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇവരെ കണ്ട വീട്ടമ്മയാണ് തടഞ്ഞുവെച്ച് പോലീസിനെ അറിയിച്ചത്. പോലീസും സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളുമെത്തി ഇരുവരെയും കൂട്ടി മടങ്ങിയപ്പോഴാണ് നാടിനാശ്വാസമായത്. കുട്ടികളെ കൗണ്‍സിലിങ്ങിന് വിധേയമാക്കുമെന്ന് പോലീസും സ്‌കൂള്‍ അധികൃതരും അറിയിച്ചു.

Content Highlights: two school students went missing from cherthala on monday evening later police found them