ഗുരുഗ്രാം:  ഡ്രൈവറെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ടാക്‌സി കാര്‍ തട്ടിയെടുത്ത രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികളെ പോലീസ് പിടികൂടി. ഡല്‍ഹിയിലെയും ഗുരുഗ്രാമിലെയും സ്വകാര്യ സ്‌കൂളുകളില്‍ പഠിക്കുന്ന പ്ലസ് വണ്‍, പ്ലസ്ടു വിദ്യാര്‍ഥികളാണ് പിടിയിലായത്. കാര്‍ തട്ടിയെടുത്ത് വിനോദസഞ്ചാരകേന്ദ്രത്തിലേക്ക് യാത്ര പോകാനായിരുന്നു ഇവരുടെ പദ്ധതിയെന്ന് പോലീസ് പറഞ്ഞു. 

കഴിഞ്ഞദിവസമാണ് രാജീവ് ചൗക്കില്‍നിന്നും വിദ്യാര്‍ഥികള്‍ ഓണ്‍ലൈന്‍ ആപ്പ് വഴി ടാക്‌സി ബുക്ക് ചെയ്തത്. തുടര്‍ന്ന് കാറില്‍ കയറി അല്പദൂരം പിന്നിട്ടതോടെയാണ് നാടകീയസംഭവങ്ങള്‍ അരങ്ങേറിയത്. വിദ്യാര്‍ഥികളിലൊരാള്‍ കൈയിലുണ്ടായിരുന്ന നാടന്‍ത്തോക്ക് ചൂണ്ടിയാണ് ആദ്യം ഡ്രൈവറെ ഭീഷണിപ്പെടുത്തിയത്. 

വാഹനം നിര്‍ത്തി പുറത്തിറങ്ങണമെന്നായിരുന്നു ആവശ്യം. എന്നാല്‍ ഡ്രൈവര്‍ വാഹനം നിര്‍ത്താന്‍ തയ്യാറായില്ല. ഇതോടെ രണ്ടാമത്തെ വിദ്യാര്‍ഥി പൊട്ടിയ ബിയര്‍ കുപ്പിയും കൈയിലെടുത്ത് ഡ്രൈവറെ വീണ്ടും ഭീഷണിപ്പെടുത്തുകയായിരുന്നു. ഡ്രൈവറുടെ കഴുത്തില്‍ കുപ്പിവെച്ച പ്രതി, വാഹനം നിര്‍ത്തിയില്ലെങ്കില്‍ കഴുത്തറുത്ത് കൊല്ലുമെന്നാണ് ഭീഷണിപ്പെടുത്തിയത്. ഇതോടെ ഡ്രൈവര്‍ വാഹനം നിര്‍ത്തി. തുടര്‍ന്ന് പ്രതികള്‍ ഡ്രൈവറെ പുറത്തേക്ക് തള്ളിയിട്ട് വാഹനവുമായി കടന്നുകളയുകയും ചെയ്തു. 

വാഹനം തട്ടിയെടുത്തതോടെ ഡ്രൈവര്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് സെക്ടര്‍ 10-ല്‍നിന്ന് വിദ്യാര്‍ഥികളെ പിടികൂടിയത്. കാറും കസ്റ്റഡിയിലെടുത്തു. 

വിനോദയാത്ര പോകാനായാണ് പ്രതികള്‍ കാര്‍ തട്ടിയെടുത്തതെന്നാണ് പോലീസ് പറയുന്നത്. വാഹനം തട്ടിയെടുത്തശേഷം ടൂറിനുള്ള പണം കണ്ടെത്താനായിരുന്നു പ്രതികളുടെ ശ്രമം. പണം പിടിച്ചുപറിക്കാന്‍ പദ്ധതിയിടുന്നതിനിടെയാണ് ഇരുവരും സെക്ടര്‍ 10-ല്‍നിന്ന് പിടിയിലായതെന്നും പോലീസ് പറഞ്ഞു. 

കുട്ടിക്കാലം മുതല്‍ സുഹൃത്തുക്കളായ പ്രതികള്‍ ജൂനിയര്‍ സ്‌കൂളില്‍ ഒരുമിച്ച് പഠിച്ചവരാണ്. സ്വന്തമായി ഒരു കാറില്‍ ടൂര്‍ പോകണമെന്നായിരുന്നു ഇവരുടെ ആഗ്രഹം. സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്ന കുടുംബമായതിനാല്‍ സ്വന്തമായി കാര്‍ വാങ്ങുകയെന്നത് ഇരുവര്‍ക്കും ബുദ്ധിമുട്ടായിരുന്നു. ഇതോടെയാണ് കാര്‍ തട്ടിയെടുത്ത് ടൂര്‍ പോകാനും മുന്തിയ ഹോട്ടലുകളില്‍ താമസിക്കാനും പ്രതികള്‍ ലക്ഷ്യമിട്ടതെന്നും പോലീസ് പറഞ്ഞു. 

പിടിയിലായവരില്‍ ഡല്‍ഹിയില്‍നിന്നുള്ള വിദ്യാര്‍ഥിക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നാണ് പോലീസ് നല്‍കുന്നവിവരം. ജാജ്ജറില്‍ താമസിക്കുന്ന കാലത്ത് കാര്‍ മോഷ്ടിച്ച കേസില്‍ ഇതേ വിദ്യാര്‍ഥി പ്രതിയായിരുന്നു. ഇതാണ് ഗുരുഗ്രാമിലും സമാനമായ പദ്ധതി നടപ്പിലാക്കാന്‍ പ്രതിയെ പ്രേരിപ്പിച്ചതെന്നും ഇത്തവണ ഉറ്റസുഹൃത്തിനെയും കൂടെ കൂട്ടുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കിയ പ്രതികളെ പിന്നീട് ഫരീദാബാദിലെ ദുര്‍ഗുണ പരിഹാരപാഠശാലയിലേക്ക് അയച്ചു. 

Content Highlights: two school students snatched car in gurugram for tour