ബെംഗളൂരു: മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വ്യാജ ഒപ്പ് ഹാജരാക്കി 200 കോടി രൂപ തട്ടാൻശ്രമിച്ച രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തു. കെ.പി.സി.സി. ഓഫീസിൽ സ്റ്റെനോഗ്രാഫറായി ജോലിചെയ്ത ഗരുനാഥ്, തിമ്മാപുര കുറുമ്പസമുദായ യൂണിയൻ അധ്യക്ഷൻ സിദ്ധരുദ എന്നിവരാണ് അറസ്റ്റിലായത്. കോൺഗ്രസ് നേതൃത്വവുമായുള്ള ബന്ധം ദുരുപയോഗം ചെയ്താണ് ഇവർ പണം തട്ടാൻ ശ്രമം നടത്തിയത്.

ബെലഗാവിയിൽ കുറുമ്പ കമ്യൂണിറ്റി ഹാൾ പണിയുന്നതിന് 200 കോടി രൂപ അനുവദിക്കണമെന്ന കത്തുമായാണ് ഇവർ പിന്നാക്കക്ഷേമ വകുപ്പ് ഓഫീസിലെത്തിയത്. കത്തിൽ ഒപ്പിട്ടത് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയായിരുന്നു. വകുപ്പിലെ ഉന്നതോദ്യോഗസ്ഥർക്ക് സംശയം തോന്നിയതിനെത്തുടർന്ന് വിധാൻ സൗധ പോലീസിനെ വിവരമറിയിച്ചു. തുടർന്നുനടന്ന അന്വേഷണത്തിലാണ് സിദ്ധരാമയ്യയുടെ ഒപ്പ് വ്യാജമായി ഉണ്ടാക്കിയതാണെന്ന് വ്യക്തമാകുന്നത്.

കുറുമ്പ കമ്യൂണിറ്റി ഹാൾ നിർമിക്കുന്നതിനായി 2016-ൽ സിദ്ധരുദ പിന്നാക്കക്ഷേമ വകുപ്പിന് അപേക്ഷ നൽകിയിരുന്നു. ഇതിന് അംഗീകാരം ലഭിക്കുന്നതിന് വിധാൻ സൗധ സ്ഥിരമായി സന്ദർശിക്കാറുണ്ടായിരുന്ന സിദ്ധരുദ, കെ.പി.സി.സി. ഓഫീസിൽ ജോലിയുണ്ടായിരുന്ന ഗുരുനാഥുമായി പരിചയത്തിലായി. തുടർന്നാണ് സിദ്ധരാമയ്യയുടെ ഒപ്പ് വ്യാജമായുണ്ടാക്കി കത്ത് തയ്യാറാക്കിയത്. സിദ്ധരാമയ്യയുടെ സമുദായമായ കുറുമ്പ വിഭാഗത്തിന്റെ നേതാവാണ് പിടിയിലായ സിദ്ധരുദ.

പിന്നാക്കക്ഷേമമന്ത്രി പുട്ടരംഗ ഷെട്ടിയുടെ ഓഫീസ് സ്റ്റാഫായ മോഹൻകുമാറിൽ നിന്ന് അടുത്തിടെ 25 ലക്ഷം രൂപ പോലീസ് പിടികൂടിയിരുന്നു. കരാറുകാരിൽ നിന്ന്‌ ലഭിച്ച പണം മന്ത്രിക്ക് കൈമാറുന്നതിനായാണ് സൂക്ഷിച്ചതെന്നാണ് അഴിമതി നിരോധന ബ്യൂറോ ഉദ്യോഗസ്ഥർക്ക് മോഹൻകുമാർ നൽകിയ മൊഴി.

Content HIghlight: two people arrested for deceit with fake signature of sidharammaya