തൊടുപുഴ: വാഗമണ്‍ നിശാപാര്‍ട്ടി കേസില്‍ രണ്ട് നൈജീരിയന്‍ സ്വദേശികളെ കൂടി പ്രതി ചേര്‍ത്തു. പാര്‍ട്ടിയിലേക്ക് ലഹരിമരുന്ന് നല്‍കിയത് ബെംഗളൂരുവിലുള്ള നൈജീരിയന്‍ സ്വദേശികളാണെന്ന് കണ്ടെത്തിയതോടെയാണ് ഇവരെ കൂടി പ്രതിചേര്‍ത്തത്. ഇതോടെ കേസില്‍ ആകെ 11 പ്രതികളായി. 

നിശാപാര്‍ട്ടിയിലേക്ക് ലഹരിമരുന്ന് കൊണ്ടുവന്നത് ബെംഗളൂരുവില്‍നിന്നാണെന്ന് നേരത്തെ അറസ്റ്റിലായ പ്രതികള്‍ മൊഴിനല്‍കിയിരുന്നു. തുടര്‍ന്ന് ക്രൈംബ്രാഞ്ച് ബെംഗളൂരുവില്‍ നേരിട്ടെത്തി അന്വേഷണം നടത്തി. ഇതിനുപിന്നാലെയാണ് നൈജീരിയന്‍ സ്വദേശികളെ കൂടി കേസില്‍ പ്രതിചേര്‍ത്തത്. 

ഡിസംബര്‍ 20-നാണ് വാഗമണിലെ ക്ലിഫ് ഇന്‍ റിസോര്‍ട്ടില്‍ സംഘടിപ്പിച്ച നിശാപാര്‍ട്ടിയില്‍ വന്‍തോതില്‍ ലഹരിമരുന്ന് ഉപയോഗിച്ചത്. എം.ഡി.എം.എ, ഹാഷിഷ് ഓയില്‍, കഞ്ചാവ് തുടങ്ങിയ ലഹരിമരുന്നുകളാണ് പാര്‍ട്ടിയില്‍നിന്ന് പിടിച്ചെടുത്തത്. കൊച്ചിയിലെ മോഡലും നടിയുമായ ബ്രിസ്റ്റി ബിശ്വാസ് അടക്കം ഒമ്പത് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ പലരും നിലവില്‍ ജാമ്യം തേടി കോടതിയെ സമീപിച്ചിട്ടുണ്ട്. 

Content Highlights: two nigerians also accused in vagamon drugs party case