റായ്പുർ: ഛത്തീസ്ഗഢിൽ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ രണ്ട് പെൺകുട്ടികളെ വധുവിന്റെ സഹോദരനും ബന്ധുക്കളും ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി. സുർഗുജ ജില്ലയിലെ ബിഷുൻപുർ ഗ്രാമത്തിലാണ് സംഭവം. കേസിൽ വധുവിന്റെ സഹോദരനായ അനിൽ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ ബന്ധുക്കളായ മറ്റ് മൂന്ന് പ്രതികൾ ഒളിവിൽ പോയിരിക്കുകയാണെന്നും ഇവരെ ഉടൻ പിടികൂടുമെന്നും സിതാപുർ പോലീസ് സ്റ്റേഷൻ ഇൻ-ചാർജ് രൂപേഷ് നാരങ് പറഞ്ഞു.

ജൂൺ പത്താം തീയതിയാണ് ബിഷുൻപുരിൽ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ ജാഷ്പുർ സ്വദേശികളായ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ബലാത്സംഗത്തിനിരയായത്. കുടുംബത്തോടൊപ്പം ബന്ധുവിന്റെ വിവാഹചടങ്ങിനെത്തിയ ഇവരെ വധുവിന്റെ സഹോദരനും മറ്റു മൂന്ന് ബന്ധുക്കളും ചേർന്ന് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.

സമീപത്തെ മെയിൻപാഠ് ഗ്രാമം ചുറ്റിക്കാണിക്കാമെന്ന് പറഞ്ഞാണ് നാലുപ്രതികളും പെൺകുട്ടികളെ കൂട്ടിക്കൊണ്ടുപോയത്. കാറിൽ ഗ്രാമത്തിലൂടെ കറങ്ങുന്നതിനിടെ ഇവർ പെൺകുട്ടികളെ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ചു. തുടർന്ന് നിർബന്ധിച്ച് മദ്യം കുടിപ്പിച്ച ശേഷം കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.

സംഭവം പുറത്തു പറയരുതെന്നും ഇവർ ഭീഷണിപ്പെടുത്തിയിരുന്നു. തുടർന്ന് വിവാഹവീട്ടിൽ തിരിച്ചെത്തിയ പെൺകുട്ടികൾ ആരോടും ഒന്നും വെളിപ്പെടുത്തിയില്ല. എന്നാൽ ഗ്രാമത്തിൽനിന്ന് സ്വന്തം നാട്ടിൽ എത്തിയതോടെ ഇരുവരും ബലാത്സംഗത്തിനിരയായ വിവരം കുടുംബാംഗങ്ങളോട് പറഞ്ഞു. തുടർന്ന് കുടുംബം ജഷ്പുരിലെ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ഈ പരാതി പിന്നീട് സിതാപുർ പോലീസിന് കൈമാറുകയുമായിരുന്നു.

Content Highlights: two minor girls gang raped in chattisgarh