കൊച്ചി: അങ്കമാലിയില്‍ രണ്ട് അതിഥി തൊഴിലാളികള്‍ പിസ്റ്റളുമായി അറസ്റ്റിലായി. ഉത്തര്‍പ്രദേശിലെ സഹരണ്‍പുര്‍ സ്വദേശികളായ ബുര്‍ഹന്‍ അഹമ്മദ് (21), ഗോവിന്ദ് കുമാര്‍ (27) എന്നിവരെയാണ് പോലീസ് അറസറ്റ് ചെയ്തത്. കരാറുകാരന്‍ നല്‍കാനുള്ള പണം നിരവധി തവണ ചോദിച്ചിട്ടും കൊടുത്തില്ല എന്നാണ് ഇവര്‍ പറയുന്നത്. ഇത് വാങ്ങിയെടുക്കുന്നതിനാണ് തോക്കുമായി അങ്കമാലിയിലെത്താന്‍ നാട്ടിലുള്ള സുഹൃത്തിനോട് നിര്‍മാണ തൊഴിലാളിയായ ബുര്‍ഹാന്‍  ആവശ്യപ്പെട്ടത്.

ഹോസ്റ്റല്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട തൊഴിലാളിയാണ് ബുര്‍ഹാന്‍.  കരാറുകാരന്‍ 48000 രൂപയോളം നല്‍കാനുണ്ടെന്ന് ബുര്‍ഹാന്‍ പോലീസിനോട് പറഞ്ഞു. ഇതുവാങ്ങിയെടുക്കുന്നതിന് സുഹൃത്തായ ഗോവിന്ദ് കുമാറിനെ തോക്കുമായി ഉത്തര്‍പ്രദേശില്‍ നിന്നും വരുത്തുകയായിരുന്നു. തോക്ക് കൈവശം വെച്ച് ഇരുവരും കറങ്ങി നടക്കുന്നുവെന്ന് ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന് രഹസ്യ വിവരവും ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരേയും പിടികൂടിയത്.

പ്രതികളില്‍നിന്ന് പിസ്റ്റളിന് പുറമേ കത്തിയും , വയര്‍ക്കട്ടറും കണ്ടെടുത്തിട്ടുണ്ട്. വെടിമരുന്ന് നിറച്ച് ഉപയോഗിക്കുന്ന പഴയ പിസ്റ്റളാണ് ഇവരില്‍ നിന്നും പിടികൂടിയത്. ഗോവിന്ദകുമാര്‍ തോക്ക് ഉത്തര്‍പ്രദേശില്‍ നിന്നും പണം കൊടുത്ത് വാങ്ങിയതാണ്. ഇന്‍സ്‌പെക്ടര്‍ സോണി മത്തായി, എസ്.ഐ കെ.അജിത്, എ.എസ്.ഐ പി.ജി സാബു, സി.പി.ഒ മാരായ പ്രസാദ്, ബെന്നി എസക്ക്, . വിപിന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

Content Highlights: two migrant workers caught in kochi with pistol