ബെംഗളൂരു: രണ്ടുകോടി രൂപ വിലമതിക്കുന്ന നാലുകിലോ ഹാഷിഷ് ഓയിലുമായി രണ്ടു മലയാളി യുവാക്കളെ ബെംഗളൂരു പോലീസ് അറസ്റ്റുചെയ്തു. കോഴിക്കോട് സ്വദേശി മുഹമ്മദ് ഇർഫാൻ (24), മലപ്പുറം സ്വദേശി താരി അസീം മുഹമ്മദ് (25) എന്നിവരാണ് അറസ്റ്റിലായത്. ബാഗിൽ ഹാഷിഷ് ഓയിൽ കൊണ്ടുപോകുന്നതിനിടെയാണ് ഇരുവരെയും പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. ഹുളിമാവിൽ വാടകയ്ക്ക് താമസിച്ചുവരുകയായിരുന്നു ഇരുവരും.

കഴിഞ്ഞദിവസം ലഹരിമരുന്നുമായി അറസ്റ്റിലായ പ്രതി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും അറസ്റ്റുചെയ്തതെന്ന് സൗത്ത് ഈസ്റ്റ് ഡി.സി.പി. ശ്രീനാഥ് മഹാദേവ് ജോഷി പറഞ്ഞു. നേരത്തേ അറസ്റ്റിലായവർ മുഹമ്മദ് ഇർഫാന്റെ പേര് വെളിപ്പെടുത്തിയിരുന്നു. പിടികൂടാതിരിക്കാൻ മുഹമ്മദ് ഇർഫാൻ മൊബൈൽ നമ്പർ മാറ്റിയിരുന്നു.

വിശാഖപട്ടണത്തുനിന്നാണ് ഇരുവരും ഹാഷിഷ് ഓയിൽ വാങ്ങിയത്. പ്ലാസ്റ്റിക് കൂടുകളിലാക്കി സഞ്ചിയിൽ ഒളിപ്പിച്ച് ബെംഗളൂരുവിലെത്തിക്കുകയായിരുന്നു. കോളേജ് വിദ്യാർഥികൾക്ക് ലഹരിമരുന്ന് വിൽപ്പന നടത്തുന്ന സംഘത്തിൽപ്പെട്ടവരാണ് പിടിയിലായതെന്ന് സിറ്റി പോലീസ് കമ്മിഷണർ കമാൽ പന്ത് അറിയിച്ചു.