ആലുവ: ജില്ലാ ആശുപത്രിയില്‍ സുരക്ഷാ ജീവനക്കാരനെ കൈയേറ്റം ചെയ്ത സംഭവത്തില്‍ രണ്ട് പേരെ പോലീസ് ലഹരി മരുന്നുകളുമായി അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാവിലെയാണ് രണ്ട് യുവാക്കള്‍ ആശുപത്രിയിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ തായിക്കാട്ടുകര സ്വദേശി ബില്ലാല്‍ എന്ന ശ്രീജിത്ത് (24), ഇയാളുടെ കൂട്ടാളി മില്ലുപടി സ്വദേശി ബിനോജ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 

Arrest
പ്രതീകാത്മക ചിത്രം

ആലുവ ഹണി വധക്കേസിലെ പ്രതിയാണ് ബില്ലാല്‍. സംഭവത്തിനു ശേഷം ബില്ലാല്‍ സുഹൃത്തായ ബിനോജിനോടൊപ്പം ഒളിവില്‍ കഴിയുകയായിരുന്നു. ആശുപത്രിയില്‍ നടന്ന ആക്രമണത്തില്‍ പരിക്കേറ്റ സുരക്ഷാ ജീവനക്കാരന്‍ പറവൂര്‍ സ്വദേശി സോമന്‍ ഇപ്പോഴും ചികിത്സയിലാണ്. പിടിയിലായ പ്രതികളില്‍ നിന്ന് രണ്ട് സ്ട്രിപ്പ് ലഹരി ഗുളികകള്‍ കണ്ടെടുത്തു. 

ആശുപത്രി സെക്യൂരിറ്റിയെ ബില്ലാല്‍ മര്‍ദിക്കുമ്പോള്‍ കൂടെയുണ്ടായിരുന്ന സുഹൃത്തിനെ പിടികൂടിയിട്ടില്ല. ലഹരി മരുന്നിന് അടിമയായ ബില്ലാല്‍ കൊലപാതകം, വധശ്രമം, മാരകായുധങ്ങളുമായി ആക്രമണം തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ്. 

ആശുപത്രി കോമ്പൗണ്ടില്‍ അമിതവേഗത്തില്‍ ബൈക്ക് ഓടിച്ചത് തടഞ്ഞതിന്റെ പ്രകോപനത്തില്‍ സുരക്ഷാജീവനക്കാര്‍ക്ക് നേരെ അമിതവേഗത്തില്‍ ബൈക്ക് ഓടിച്ചു കയറ്റുകയായിരുന്നു. സോമന്റെ കാലില്‍ കയറിയാണ് ബൈക്ക് നിന്നത്. സംഭവമറിഞ്ഞ് പോലീസ് എത്തിയപ്പോഴേക്കും പ്രതികള്‍ രക്ഷപ്പെട്ടിരുന്നു. ബൈക്ക് നമ്പര്‍ പ്രകാരം പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. തായിക്കാട്ടുകര കമ്പനിപ്പടി സ്വദേശിയാണ് ഒളിവിലുള്ളത്.

Content highlights: Crime news, Police, Drug, Drug addiction, Criminal case