കൊട്ടിയം: കൊല്ലത്തുനിന്നു കാണാതായ രണ്ട് വിദ്യാര്‍ഥിനികളെ ബെംഗളൂരുവില്‍ പോലീസ് കണ്ടെത്തി. ബെംഗളൂരു ആര്‍.ആര്‍.നഗറിലുള്ള പേയിങ് ഗസ്റ്റ് സ്ഥാപനത്തില്‍നിന്നാണ് ഇരുവരെയും കൊട്ടിയം പോലീസ് പിടികൂടിയത്. ബുധനാഴ്ച ഇവരെ കൊട്ടിയത്ത് എത്തിക്കും.

സഹപാഠികളായ ഉമയനല്ലൂര്‍ വാഴപ്പള്ളി സ്വദേശിയായ പതിനെട്ടുകാരിയെയും കുണ്ടറ പെരുമ്പുഴ സ്വദേശിയായ ഇരുപത്തൊന്നുകാരിയെയും കഴിഞ്ഞ 23-നാണ് കാണാതായത്.

ഇവരെ ബെംഗളൂരുവില്‍ എത്തിച്ചശേഷം മടങ്ങിയെത്തിയ യുവാവിനെ കഴിഞ്ഞദിവസം പോലീസ് പിടികൂടി ചോദ്യംചെയ്തിരുന്നു. ബെംഗളൂരുവിലെ താമസസ്ഥലം തിരിച്ചറിഞ്ഞ പോലീസ് ബന്ധുക്കളെയുംകൂട്ടി അവിടെയെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു.

കൊല്ലത്ത് സ്വകാര്യസ്ഥാപനത്തില്‍ ഫാഷന്‍ ഡിസൈനിങ്ങിനു പഠിക്കുകയായിരുന്നു ഇരുവരും. പഠിക്കുന്ന സ്ഥാപനത്തിലേക്കെന്നു പറഞ്ഞാണ് ഇരുവരും ശനിയാഴ്ച രാവിലെ ഒന്‍പതിന് വീട്ടില്‍നിന്നിറങ്ങിയത്. വൈകീട്ട് ആറിന് പതിവായി മടങ്ങിയെത്താറുള്ള ഇവര്‍ അന്നുരാത്രി വൈകിയിട്ടും എത്താതായതോടെ വീട്ടുകാര്‍ കൊട്ടിയം പോലീസില്‍ പരാതിനല്‍കി.

കുണ്ടറ സ്വദേശിയായ യുവാവിനൊപ്പമാണ് ഇവര്‍ പോയതെന്ന് തിരിച്ചറിഞ്ഞതോടെ പോലീസ് ഇയാളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. ബാധ്യതകളൊന്നുമില്ലാതെ പണംസമ്പാദിച്ച് സ്വസ്ഥമായി ജീവിക്കുന്നതിനാണ് നാടുവിട്ടതെന്ന് ഇവര്‍ പോലീസിനോടു പറഞ്ഞതായാണ് വിവരം.