ഇരിട്ടി: എടൂരിലെ കുട്ടികളുടെ സംരക്ഷണകേന്ദ്രത്തില്‍നിന്നും ഒളിച്ചോടി പുഴയില്‍ ചാടിയ രണ്ട് വിദ്യാര്‍ഥിനികളെ നാട്ടുകാരും പോലീസും ചേര്‍ന്ന് രക്ഷപ്പെടുത്തി. ഇരുവരെയും ശിശുക്ഷേമസമിതിയുടെ തലശ്ശേരിയിലുള്ള പെണ്‍കുട്ടികളുടെ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റി. എട്ടാംക്ലാസിലും അഞ്ചാംക്ലാസിലും പഠിക്കുന്ന വിദ്യാര്‍ഥിനികളാണ് സംരക്ഷണകേന്ദ്രത്തില്‍നിന്ന് ഒളിച്ചോടാന്‍ ശ്രമിച്ചത്. നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ഇരുവരും പായം പുഴക്കരയിലേക്ക് ഓടി. ആളുകള്‍ അടുത്തുവരുമ്പോള്‍ പുഴയില്‍ ഇറങ്ങി ഭീഷണിമുഴക്കി.

സംഭവിച്ചത് ഇങ്ങനെ: വ്യാഴാഴ്ച പുലര്‍ച്ചെ 4.30-ഓടെ ഇരുചക്രവാഹനത്തില്‍ ഇരിട്ടിഭാഗത്തേക്ക് പോവുകയായിരുന്ന യുവാവാണ് രണ്ട് വിദ്യാര്‍ഥിനികളെയും കരിയാല്‍ ടൗണിന് സമീപത്ത് റോഡരികില്‍ കാണുന്നത്. ഒരു കുട്ടി കരയുന്നതുകണ്ട് വാഹനം നിര്‍ത്തി കാര്യങ്ങള്‍ തിരക്കിയപ്പോള്‍ ഞങ്ങള്‍ ഇതിനടുത്തുള്ളവരാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചു. യുവാവ് ഉടന്‍തന്നെ സമീപത്തുള്ള താമസക്കാരെയും

ഇരിട്ടി പോലീസിലും വിവരമറിയിച്ചു. ഇതിനിടയില്‍ കുട്ടികള്‍ ഇവിടെനിന്നും ഓടിപ്പോവുകയും കരിയാല്‍ പള്ളിക്ക് സമീപത്തുള്ള റബ്ബര്‍ത്തോട്ടത്തില്‍ അവരുടെ കൈയിലുള്ള ബാഗ് ഉപേക്ഷിച്ച് കടന്നുകളയുകയും ചെയ്തു.

നാട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും കുട്ടികളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പോലീസെത്തി ബാഗ് പരിശോധിച്ചതോടെ എട്ടാംക്ലാസിലും അഞ്ചാംക്ലാസിലും പഠിക്കുന്ന കുട്ടികളാണെന്ന് മനസ്സിലായി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് എടൂരിലുള്ള കുട്ടികളുടെ സംരക്ഷണകേന്ദ്രത്തില്‍നിന്ന് ചാടിപ്പോയതാണെന്നറിഞ്ഞത്.

ഇതിനിടയില്‍ കുട്ടികള്‍ പായം പുഴക്കരയില്‍ എത്തിയതായി വിവരം ലഭിച്ചു. പോലീസും നാട്ടുകാരില്‍ ചിലരും സ്ഥലത്ത് എത്തുമ്പോഴേക്കും കുട്ടികള്‍ പുഴയിലേക്ക് ചാടി. വലിയ ആഴമുള്ളതും ചെളിനിറഞ്ഞതുമായ സ്ഥലത്താണ് കുട്ടികള്‍ ചാടിയത്. കുട്ടികളെ അനുനയിപ്പിച്ച് കരയ്‌ക്കെത്തിക്കാനുള്ള ശ്രമം വിജയിക്കാഞ്ഞതോടെ നാട്ടുകാരില്‍ ചിലര്‍ പുഴയിലേക്ക് ചാടി കുട്ടികളെ കരയ്‌ക്കെത്തിച്ചു. ഇരിട്ടി പോലീസ്‌ േസ്റ്റഷനിലെത്തിച്ച പെണ്‍കുട്ടികളെ സ്റ്റേഷന്‍ ഓഫീസര്‍ കെ.ജെ.ബിനോയിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്ത ശേഷം തലശ്ശേരിയിലെ പെണ്‍കുട്ടികളുടെ സംരക്ഷണകേന്ദ്രത്തിലേക്ക് അയച്ചു.