ഗുവാഹട്ടി: അസമിൽ പെൺകുട്ടികളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി മരത്തിൽ കെട്ടിത്തൂക്കിയ സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ. ഏഴ് പ്രതികളെയാണ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുള്ളതെന്ന് അസം കൊക്രാജർ എസ്.പി. പ്രതീക് കുമാർ തുബെ മാധ്യമങ്ങളോട് പറഞ്ഞു. പ്രതികളെ അറസ്റ്റ് ചെയ്ത വിവരം അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമയും ട്വിറ്ററിലൂടെ പങ്കുവെച്ചു.

കഴിഞ്ഞ ശനിയാഴ്ചയാണ് രണ്ട് പെൺകുട്ടികളെ കൊക്രാജറിലെ ഗ്രാമത്തിൽ മരത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ബന്ധുക്കളായ 16,14 വയസ്സുള്ള പെൺകുട്ടികളാണ് മരിച്ചത്. എന്നാൽ കുട്ടികളെ ബലാത്സംഗം ചെയ്ത് കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് ബന്ധുക്കൾ തുടക്കത്തിലേ ആരോപിച്ചിരുന്നു. തുടർന്നാണ് പ്രത്യേക അന്വേഷണസംഘം രൂപവത്‌കരിച്ച് വിശദമായ അന്വേഷണം നടത്തിയത്.

അന്വേഷണത്തിൽ പെൺകുട്ടികൾ ബലാത്സംഗത്തിനിരയായെന്നും ഇവരെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയതാണെന്നും പോലീസ് സ്ഥിരീകരിച്ചു. സംഭവം ആത്മഹത്യയാണെന്ന് വരുത്തിതീർക്കുകയായിരുന്നു പ്രതികളുടെ ഉദ്ദേശ്യം.

അറസ്റ്റിലായ പ്രതികളിൽ മൂന്ന് പേരാണ് പെൺകുട്ടികളെ ബലാത്സംഗം ചെയ്തെന്നും പിന്നീട് ഇവരെ കൊലപ്പെടുത്തിയ ശേഷം പ്രതികൾ മരത്തിൽ കെട്ടിത്തൂക്കുകയായിരുന്നുവെന്നും എസ്.പി. പ്രതീക് വിജയ് പറഞ്ഞു. ഞായറാഴ്ച തന്നെ പ്രത്യേകസംഘം രൂപവത്‌കരിച്ച് അന്വേഷണം ആരംഭിച്ചിരുന്നു. തുടർന്ന് 72 മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടാനായെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlights:two girls raped and murdered in assam police cracked the case within 72 hours