അഗര്‍ത്തല: ത്രിപുരയില്‍ ഹോളി ആഘോഷത്തിനിടെ രണ്ട് പെണ്‍കുട്ടികളെ കൂട്ടബലാത്സംഗം ചെയ്തു. ഖൊവായ് ജില്ലയില്‍ 14,15 വയസുള്ള പെണ്‍കുട്ടികളാണ് ബലാത്സംഗത്തിനിരയായത്. സംഭവത്തില്‍ എട്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.

ബിമല്‍ ദെബ്ബര്‍മ, സോയല്‍, മൈക്കല്‍, നിഷിത്, ബിരേഷ്, ജഗ്ഗു, ബികാഷ്, ഹൃഷിത് എന്നിവരാണ് അറസ്റ്റിലായത്. ഹോളി ദിവസമായ മാര്‍ച്ച് 29-നാണ് എട്ട് യുവാക്കള്‍ ചേര്‍ന്ന് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തതെന്ന് പോലീസ് പറഞ്ഞു.

മാര്‍ച്ച് 29-ന് വൈകീട്ടോടെയാണ് പെണ്‍കുട്ടികള്‍ ഹോളി ആഘോഷത്തിനായി വീട്ടില്‍നിന്ന് പുറത്തേക്ക് പോയത്. രാത്രി വൈകിയിട്ടും ഇവര്‍ തിരിച്ചെത്തിയില്ല. പെണ്‍കുട്ടികളെ കാണാതിരുന്നിട്ടും കുടുംബം പോലീസില്‍ പരാതി നല്‍കിയതുമില്ല. പിറ്റേദിവസം രാവിലെയാണ് പെണ്‍കുട്ടികള്‍ വീട്ടിലേക്ക് തിരിച്ചെത്തിയത്. ദേഹമാസകലം പരിക്കേറ്റ നിലയില്‍ കണ്ട പെണ്‍കുട്ടികളോട് വിവരങ്ങള്‍ ചോദിച്ചപ്പോഴാണ് കൂട്ടബലാത്സംഗം പുറത്തറിയുന്നത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു

ഹോളി ആഘോഷത്തിനിടെ യുവാക്കളുടെ സംഘം പെണ്‍കുട്ടികളെ സമീപത്തെ വനത്തിലേക്ക് കൊണ്ടുപോയാണ് ബലാത്സംഗം ചെയ്തത്. രാത്രി മുഴുവന്‍ ഇവര്‍ പെണ്‍കുട്ടികളെ ബലാത്സംഗത്തിനിരയാക്കി. തുടര്‍ന്ന് അബോധാവസ്ഥയിലായ പെണ്‍കുട്ടികള്‍ മരിച്ചെന്ന് കരുതി രാവിലെ പ്രതികള്‍ ഇവരെ ഉപേക്ഷിച്ച് സ്ഥലംവിട്ടെന്നാണ് പോലീസ് പറയുന്നത്. പെണ്‍കുട്ടികളുടെ കുടുംബത്തിന്റെ പരാതി ലഭിച്ചതോടെ എട്ട് പ്രതികളെയും പിടികൂടിയതായും ഇവര്‍ കുറ്റം സമ്മതിച്ചതായും പോലീസ് പറഞ്ഞു.

Content Highlights: two girls gang raped in tripura on holi day eight arrested