വൈക്കം: മുറിഞ്ഞുപുഴ പാലത്തില്‍നിന്നു മൂവാറ്റുപുഴ ആറ്റില്‍ചാടി മരിച്ച അമൃത(21)യുടെയും ആര്യ(21)യുടെയും മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍. അമൃതയും ആര്യയും ഒരുമിച്ച് പഠിച്ചവരാണ്. കഴിഞ്ഞ 13-ന് രാവിലെ 10-ന് ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വാങ്ങാനെന്നും പറഞ്ഞാണ് ഇരുവരും വീട്ടില്‍നിന്നു ഇറങ്ങിയത്. പിന്നീട് ഇവരെ കാണാതാവുകയായിരുന്നു.

വൈകുന്നേരത്തോടെ ഇരുവരും വീട്ടിലേക്ക് എത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ചടയമംഗലം പോലീസില്‍ പരാതി നല്‍കി. പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ഇരുവരുടെയും മൃതദേഹം വേമ്പനാട്ട് കായലില്‍നിന്ന് കണ്ടെത്തുന്നത്. ഇവര്‍ എങ്ങനെ കൊല്ലത്തുനിന്നു വൈക്കം മുറിഞ്ഞുപുഴയില്‍ എത്തി എന്നത് വ്യക്തമല്ല. ഇരുവര്‍ക്കും വൈക്കവുമായി എന്തെങ്കിലും ബന്ധമുണ്ടൊയെന്നും വ്യക്തമല്ല. ഇവരുടെ ഫോണ്‍ തിരുവല്ലയില്‍ എത്തിയപ്പോള്‍ സ്വിച്ച് ഓഫ് ആയിരുന്നുവെന്ന് പോലീസ് പറഞ്ഞു. അതുകൊണ്ട് എം.സി.റോഡിലൂടെ കെ.എസ്.ആര്‍.ടി.സി. ബസിന് വന്നതാകാമെന്നാണ് നിഗമനം. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് വൈക്കം എസ്.എച്ച്.ഒ. എസ്.പ്രദീപ് പറഞ്ഞു.

കൊല്ലത്ത് നിന്ന് ശനിയാഴ്ച രാത്രിയോടെ വൈക്കത്ത് എത്തിയ പെണ്‍കുട്ടികള്‍ മുറിഞ്ഞുപുഴ പാലത്തില്‍നിന്ന് ആറ്റില്‍ ചാടുകയായിരുന്നു. രണ്ടു പേര്‍ ആറ്റില്‍ ചാടിയെന്ന് സമീപവാസികളാണ് പോലീസിനെ വിവരമറിയിച്ചത്. തുടര്‍ന്ന് ശനിയാഴ്ച രാത്രിയും ഞായറാഴ്ച പകലും മുങ്ങല്‍ വിദഗ്ധരടക്കം തിരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായിരുന്നില്ല. പിന്നീട് തിങ്കളാഴ്ച രാവിലെ പൂച്ചാക്കല്‍ പാണാവള്ളി ഊടുപുഴ ഭാഗത്തുനിന്നാണ് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. മണിക്കൂറുകള്‍ക്കുള്ളില്‍ പെരുമ്പളത്തുനിന്ന് രണ്ടാമത്തെ മൃതദേഹവും കണ്ടെത്തി. 

Content Highlights: two girls from kollam found dead at river in vaikkom