കോട്ടയം: വൈക്കത്ത് ആറ്റില്‍ ചാടി ജീവനൊടുക്കിയ പെണ്‍കുട്ടികള്‍ വീട്ടില്‍നിന്നിറങ്ങിയത് ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങാനെന്നു പറഞ്ഞ്. കൊല്ലം അഞ്ചല്‍ സ്വദേശി അമൃത, കടമകുളം സ്വദേശി ആര്യ എന്നിവരാണ് നവംബര്‍ 13-ന് വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് നാടുവിട്ടത്. കൊല്ലത്ത് നിന്ന് ശനിയാഴ്ച രാത്രിയോടെ വൈക്കത്ത് എത്തിയ പെണ്‍കുട്ടികള്‍ മുറിഞ്ഞപ്പുഴ പാലത്തില്‍നിന്ന് ആറ്റില്‍ ചാടുകയായിരുന്നു. 

രണ്ടു പേര്‍ ആറ്റില്‍ ചാടിയെന്ന് സമീപവാസികളാണ് പോലീസിനെ വിവരമറിയിച്ചത്. തുടര്‍ന്ന് ശനിയാഴ്ച രാത്രിയും ഞായറാഴ്ച പകലും മുങ്ങല്‍ വിദഗ്ധരടക്കം തിരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായിരുന്നില്ല. പിന്നീട് തിങ്കളാഴ്ച രാവിലെ പൂച്ചാക്കല്‍ പാണാവള്ളി ഊടുപുഴ ഭാഗത്തുനിന്നാണ് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. മണിക്കൂറുകള്‍ക്കുള്ളില്‍ പെരുമ്പളത്തുനിന്ന് രണ്ടാമത്തെ മൃതദേഹവും കണ്ടെത്തി. 

അഞ്ചലിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ അവസാനവര്‍ഷ ബിരുദവിദ്യാര്‍ഥികളായിരുന്നു ഇരുവരും. തീവ്രമായ സൗഹൃദത്തിലായിരുന്ന രണ്ടുപേരും സദാസമയവും ഒരുമിച്ചായിരുന്നു. വിദേശത്ത് ജോലിചെയ്യുന്ന അമൃതയുടെ പിതാവ് അടുത്തിടെ നാട്ടിലെത്തി ക്വാറന്റീനില്‍ കഴിഞ്ഞപ്പോള്‍ 12 ദിവസത്തോളം ആര്യയുടെ വീട്ടിലാണ് അമൃത താമസിച്ചിരുന്നത്. ഇതിനിടെ അമൃതയുടെ വിവാഹം നടത്താനും പിതാവ് ആലോചിച്ചിരുന്നു. വിവാഹം കഴിഞ്ഞാല്‍ കൂട്ടുകാരിയെ വേര്‍പിരിയേണ്ടിവരുമെന്ന വിഷമമാകാം പെണ്‍കുട്ടികളെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ നിഗമനം. 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

 

Content Highlights: two girls from kollam commits suicide in vaikkom kottayam