ഗുവാഹട്ടി: അസമിലെ കൊക്രാജ്ഹർ ജില്ലയിലെ ഗ്രാമത്തിൽ ബന്ധുക്കളായ രണ്ട് പെൺകുട്ടികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. 16, 14 വയസ്സുള്ള പെൺകുട്ടികളെയാണ് മരത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. പെൺകുട്ടികളെ ബലാത്സംഗം ചെയ്ത് കൊന്ന് കെട്ടിത്തൂക്കിയതാണെന്നാണ് ബന്ധുക്കളുടെ ആരോപണം.

സംഭവത്തിൽ കേസെടുത്തതായും മരണകാരണം വ്യക്തമാകാൻ പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് കാത്തിരിക്കുകയാണെന്നും പോലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ കുട്ടികൾ ബലാത്സംഗത്തിനിരയായോ കൊലപാതകമാണോ തുടങ്ങിയ കാര്യങ്ങൾ വ്യക്തമാകുകയുള്ളൂവെന്നും പോലീസ് അറിയിച്ചു. അതേസമയം, കേസുമായി ബന്ധപ്പെട്ട് നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സംഭവത്തിൽ എല്ലാവശങ്ങളും പരിശോധിച്ചുവരികയാണെന്ന് കൊക്രാജ്ഹർ പോലീസ് അഡീഷണൽ സൂപ്രണ്ട് എസ്.എസ്. പനേസർ മാധ്യമങ്ങളോട് പ്രതികരിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ സംഭവത്തിൽ വ്യക്തത വരുമെന്നും അതിനായി കാത്തിരിക്കുകയാണെന്നും അന്വേഷണം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. പെൺകുട്ടികളുടെ മരണത്തിൽ ദുരൂഹത ഉയർന്ന സാഹചര്യത്തിൽ അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വശർമ ഞായറാഴ്ച ഗ്രാമത്തിൽ സന്ദർശനം നടത്തും.

Content Highlights:two girls found dead in assam family alleges rape and murder