പാനൂര്‍(കണ്ണൂര്‍): ആറുദിവസം മുന്‍പ് കാണാതായ ഉറ്റസുഹൃത്തുക്കളായ രണ്ടു വിദ്യാര്‍ഥിനികളെ ഇനിയും കണ്ടെത്താനായില്ല. കുന്നോത്ത്പറമ്പിലെയും പൊയിലൂരിലെയും രണ്ടുവിദ്യാര്‍ഥിനികളെയാണ് 19 മുതല്‍ കാണാതായത്. പാനൂരിലെ സ്വകാര്യ സ്ഥാപനത്തില്‍ ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സ് വിദ്യാര്‍ഥിനികളാണ് ഇരുവരും. 

യു.പി. ക്ലാസ് മുതല്‍ രണ്ടു പേരും ആത്മസുഹൃത്തുക്കളാണ്. ഇതില്‍ ഒരാളുടെ വിവാഹം ഉറപ്പിച്ചിരുന്നു. മൈസൂരുവിലേക്കാണ് പോയതെന്നാണ് ആദ്യം ലഭിച്ച വിവരം. പാനൂര്‍ പോലീസ് അന്വേഷണം നടത്തിയെങ്കിലും വിവരമൊന്നും കിട്ടിയില്ല. 

പാറാട്ടെ ട്രാവല്‍ ഏജന്‍സിയില്‍ തീവണ്ടിസമയം ഇവര്‍ തിരക്കിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കാണാതായ ദിവസം രാവിലെ രണ്ടുപേരും ഒന്നിച്ച് സ്‌കൂട്ടറിലാണ് പാനൂരിലെത്തിയത്. റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സ്‌കൂട്ടര്‍ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഇരുവരുടെയും ഫോണ്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് അവസാനമായി പ്രവര്‍ത്തിച്ചത്.

Content Highlights: two girls are missing from panoor kannur, investigation is going on