മാറനല്ലൂര്‍(തിരുവനന്തപുരം): സുഹൃത്തുക്കളായ യുവാക്കള്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ തൂങ്ങിമരിച്ചു. മാറനല്ലൂര്‍ കണ്ടല സഹകരണ ആശുപത്രിക്ക് സമീപം അജിന്‍ നിവാസില്‍ ശ്രീകുമാറിന്റെ മകന്‍ അജില്‍ എസ്. കുമാര്‍(20), അജിലിന്റെ വീടിനു സമീപം മൊബൈല്‍ കട നടത്തുന്ന അരുവിയോട് ചാനല്‍ക്കര വിളയില്‍ വീട്ടില്‍ പരേതനായ രാമകൃഷ്ണന്‍ നായരുടെ മകന്‍ അവിനേഷ്(ശ്രീക്കുട്ടന്‍-29) എന്നിവരാണ് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ തൂങ്ങിമരിച്ചത്.

ശനിയാഴ്ച രാവിലെ പതിനൊന്ന് മണിയോടുകൂടിയാണ് അജില്‍ വീട്ടിനുള്ളില്‍ തൂങ്ങിനില്‍ക്കുന്നത് സഹോദരനായ അജിന്‍ കണ്ടത്. മരണവിവരമറിഞ്ഞ്് അജിലിന്റെ വീട്ടിലെത്തിയ അവിനേഷ്് സുഹൃത്തുക്കളുമായി ഏറെ നേരം സംസാരിച്ചിരുന്ന ശേഷം ബൈക്കെടുത്ത് അരുവിയോടുള്ള വീട്ടിലേക്ക് പോയി. ആള്‍താമസമില്ലാത്ത ബന്ധുവീട്ടില്‍ ഇയാള്‍ തൂങ്ങിനില്‍ക്കുന്നത് മൂന്ന് മണിയോടുകൂടിയാണ് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. 

രണ്ടിടത്തും മാറനല്ലൂര്‍ പോലീസെത്തി നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. രണ്ടുപേരുടേയും മൊബൈല്‍ പരിശോധനയ്ക്കായി എടുത്തിട്ടുണ്ടെന്ന് മാറനല്ലൂര്‍ എസ്.എച്ച്.ഒ. എസ്. ബിനോയ് പറഞ്ഞു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

Content Highlights: two friends commits suicide in maranallur trivandrum