ഇടുക്കി: വണ്ണപ്പുറം ഒടിയപാറയില്‍ മെറ്റല്‍ ക്രഷറിലെ കുളത്തില്‍ രണ്ട് യുവാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഒടിയപാറ സ്വദേശികളായ രതീഷ്, അനീഷ് എന്നിവരെയാണ് കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കുളത്തില്‍ ആമ്പല്‍ പറിക്കാനെത്തിയ ഇരുവരും അപകടത്തില്‍പ്പെട്ടതാണെന്നാണ് പ്രാഥമിക നിഗമനം. 

ബുധനാഴ്ച രാവിലെയാണ് ക്രഷറിനോട് ചേര്‍ന്ന കുളത്തില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. രതീഷും അനീഷും കഴിഞ്ഞദിവസം ആമ്പല്‍ പറിക്കുന്നതിനായി ഇവിടേക്ക് വന്നതായി നാട്ടുകാര്‍ മൊഴി നല്‍കിയിട്ടുണ്ട്. മരിച്ചവരില്‍ ഒരാള്‍ അപസ്മാരത്തിന് ചികിത്സ തേടുന്നയാളാണെന്ന് ബന്ധുക്കളും പറഞ്ഞു. മരണത്തില്‍ അസ്വാഭാവികതയില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണത്തില്‍ വ്യക്തത വരികയുള്ളൂവെന്നും പോലീസ് പറഞ്ഞു. 

Content Highlights: two found dead in a pond in vannappuram idukki